Tuesday , April 7 2020
Breaking News

അധ്യാപികയുടെ കൊലപാതകം ; തലമുടി കൊഴിഞ്ഞതിലെ ദുരൂഹത മാറിയില്ല ; വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതിലും

കാസര്‍കോട് : മിയ്യപദവ് സ്‌കൂളിലെ അധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല പ്രതികളായ സഹ അധ്യാപകന്‍ കെ.വെങ്കിട്ടരമണ(41), കെ.നിരഞ്ജന്‍കുമാര്‍ (23) എന്നിവരുമായി ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും മൃതദേഹത്തില്‍ തലമുടിയും വസ്ത്രങ്ങളും ഇല്ലാതിരുന്നത് എന്തുകൊണ്ടന്നതിന് ഇതുവരെ വ്യക്തമായ ഉത്തരമായില്ല.

കടലില്‍ 32 മണിക്കൂറോളം മാത്രം കിടന്ന മൃതദേഹത്തില്‍ നിന്നു തലമുടി പൂര്‍ണമായും കൊഴിയാനും വസ്ത്രങ്ങള്‍ മുഴുവനായി അഴിയാനും സാധ്യത കുറവാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം. എന്നാല്‍ രാസവസ്തു ചേര്‍ത്ത വെള്ളത്തില്‍ തല മുക്കിയതിനാലും കടലി!ല്‍ മണിക്കൂറുകളോളം മുങ്ങിക്കിടന്നതിനാലുമാണ് അങ്ങനെ സംഭവിച്ചതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ 16നു വൈകിട്ട് 3നും 5നും ഇടയിലാണ് രൂപശ്രീ കൊലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായും സൗഹൃദവുമായും ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു സഹഅധ്യാപകന്‍ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത് വെവ്വേറെ വാഹനങ്ങളിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആദ്യം ദിവസം പൊലീസ് ആസ്ഥാനത്ത് വച്ച് ചോദ്യം ചെയ്തു. വിവരങ്ങള്‍ ശേഖരിച്ചു. ബുധനഴ്ച അധ്യാപകന്റെ വീട്ടിലും മൃതദേഹവുമായി പോയ വഴികളും കടലോരത്തുമെത്തി തെളിവെടുപ്പ് നടത്തി. കെ.വെങ്കിട്ടരമണയെ ഡിവൈഎസ്പി എ.സതീഷ്‌കുമാര്‍ സഞ്ചരിച്ച ജീപ്പിലും കെ.നിരഞ്ജന്‍കുമാറിനെ പൊലീസ് വാനിലുമാണ് കയറ്റിയത്.
ഇരുവരെയും ഒരുമിച്ചിരുത്തിയാല്‍ പ്രതിഷേധം ശക്തമാകുന്നതിനു പുറമെ മൊഴികളിലും വൈരുധ്യം ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് ഇരു വാഹനങ്ങളിലായി കയറ്റിയത്.

തെളിവെടുപ്പിനായി മിയാപദവിലെ വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. അവരെ ഞങ്ങള്‍ക്കു വിട്ടുതരൂ, നിങ്ങള്‍ കൊണ്ടുപോയാല്‍ തീറ്റി പോറ്റും, പിന്നീട് സുഖമായി ഇറങ്ങി വരും, അങ്ങനെയാക്കരുത്, പാവം ടീച്ചറെ കൊന്നവരെ വെറുതെ വിടരുത് എന്നിങ്ങനെ മലയാളവും തുളുവും കന്നഡയും കലര്‍ന്ന ഭാഷയില്‍ നാട്ടുകാര്‍ പ്രതികരിച്ചു. രാവിലെ തന്നെ തെളിവെടുപ്പിനായി എത്തുമെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ മീയ്യപദവ് ടൗണില്‍ ആളുകള്‍ നേരത്തെ കൂടിയിരുന്നു. പ്രതികളുമായുള്ള പോലീസ് വാഹനം പ്രധാന റോഡില്‍ നിന്ന് അധ്യാപകന്റെ വീട്ടിലേക്ക് തിരിയുന്നത് കണ്ട് പിന്നാലെ കൂട്ടമായി വാഹനങ്ങളിലും മറ്റുമായി നാട്ടുകാരുമെത്തി. അധ്യാപകന്റേതായിരുന്ന ആ വളപ്പിലെ അവസാന വീട്. പ്രതികളെ അറസ്റ്റ് ചെയ്ത ദിവസം ഗേറ്റും വീടും പൂട്ടി താക്കോല്‍ പോലീസിന്റെ കൈയ്യിലായിരുന്നു.
ഗേറ്റ് തുറക്കുന്നതു വരെ റോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ അടുത്തെത്തി പ്രതികള്‍ക്കു നേരെ നാട്ടുകാര്‍ അസഭ്യം ഉയര്‍ത്തി. ഗേറ്റ് തുറന്നു ഇരു വാഹനവും വീട്ടു വളപ്പില്‍ കയറ്റിയപ്പോള്‍ നാട്ടുകാരെ തടഞ്ഞ് പൊലീസുകാര്‍ ഗേറ്റ് പൂട്ടിപിന്നിട് മറ്റു വഴികളിലൂടെ നാട്ടുകാരെത്തിയെങ്കിലും പൊലീസ് ഇവരെ മാറ്റി. ആദ്യം നിരഞ്ജനകുമാറിനെയാണ് വാഹനത്തില്‍ നിന്നിറക്കി തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്.നടത്തിയ ഓരോ കാര്യങ്ങളും പ്രതിയില്‍ നിന്നു അന്വേഷണ സംഘം ചോദിച്ചു രേഖപ്പെടുത്തി.

അരമണിക്കൂറിനുള്ളില്‍ സംഭവങ്ങള്‍ ഡിവൈഎസ്പി എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസിനോട് വിവരിച്ചു നല്‍കി. പ്രതിയെ വീട്ടിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും നാട്ടുകാര്‍ കൂക്കി വിളിച്ചു. തെളിവെടുപ്പ്
പൂര്‍ത്തിയാക്കിതിനു ശേഷം നിരഞ്ജനെ വാനിലാക്കിയിട്ടാണ് അധ്യാപകനെ ജീപ്പില്‍ നിന്ന് ഇറക്കിയത്. കൃത്യം നിര്‍വഹിച്ചതിനു ശേഷം പറമ്പില്‍ വെച്ച് വസ്ത്രം കത്തിച്ചതും കാണിച്ചുകൊടുത്തു. പിന്നീട് മുന്‍വശത്തെ വാതിലൂടെ വീട്ടിനകത്ത് കയറ്റി ഏറെ സമയം ചോദ്യം ചെയ്തു. രൂപശ്രീയുമായി കാര്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട് ആദ്യം ഞാനിറങ്ങി വാതില്‍ തുറന്നതിനു ശേഷമാണ് രൂപശ്രീയെ വീട്ടിലേക്ക് കയറ്റിയതെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. പിന്നിട് കൊല നടന്ന കുളിമുറിയിലെത്തിച്ചാണ് തെളിവെടുത്തത്. അരമണിക്കൂറിലേറെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. വീട്ടില്‍ നിന്നിറക്കി വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തി. വീടിന്റെ മുകളിലും പൊലീസ് പരിശോധന നടത്തി.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …