Saturday , July 4 2020
Breaking News

അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം വികസനം ; വിദേശ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് നദിയോര സംസ്‌കാര സഞ്ചാര ടൂറിസം വിഭാവനം ചെയ്ത് ബി.ആര്‍.ഡി.സി

കാസര്‍കോട് : അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആര്‍ .ഡി .സി. കേരളത്തിലെ 44 നദികളില്‍ ചരിത്ര കഥകളുറങ്ങുന്ന 16 നദികള്‍ തഴുകി ഒഴുകുന്ന ഉത്തര മലബാര്‍ സംസ്‌കാര തനിമ വിനോദ സഞ്ചാരികള്‍ക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനുമുള്ള നൂതന നദിയോര സംസ്‌കാര സഞ്ചാര ടൂറിസം പദ്ധതിയാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആര്‍.ഡി.സി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആഭ്യന്തരവിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

വടക്കിന്റെ ഉത്തമ കലാരൂപങ്ങളായ യക്ഷഗാനം, പാവക്കളി, കോല്‍ക്കളി, അലാമിക്കളി, ദഫ് മുട്ട് , ഒപ്പന എന്നിവയ്ക്ക് പുറമേ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി, മാന്‍ കളി എന്നിവയുടെയുമൊക്കെ തനത് രൂപം ചോരാതെ വിദേശികള്‍ക്ക് കാണാന്‍ ഉരു ടൂറിസത്തിലൂടെ അവസരമൊരുക്കിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നാട്ടുഭക്ഷണ രുചി ആസ്വദിച്ചു കൊണ്ട് നമ്മുടെ പൗരാണികവും ജൈവ വൈവിധ്യങ്ങളുറങ്ങുന്ന കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കണ്ട് അവയുടെ ചരിത്രധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും. കവികളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും ജീവന്‍ തുടിക്കുന്ന കഥകള്‍ ഉരു യാത്രയിലൂടെ പല സ്ഥലങ്ങളില്‍ നിന്നായി ആസ്വദിക്കാനാകും. തണ്ണീര്‍തടങ്ങളും ഔഷധ സസ്യ വൈവിധ്യങ്ങളും നാട്ടുമരുന്നുകളും ഗ്രാമീണ ചന്തകളും വിവിധ ഗ്രാമങ്ങളിലൂടെ കാണാന്‍ കഴിയുന്ന തരത്തിലുള്ള വന്‍ പാക്കേജുകളാണ് ഉരു ടൂറിസത്തിലൂടെ ഒരുക്കിട്ടുള്ളത്.

കേരളത്തില്‍ ഹൗസ് ബോട്ട് അടക്കമുള്ള ടൂറിസം ഉണ്ടെങ്കിലും കായലില്‍ കൂടി സഞ്ചരിക്കുന്ന ഉരു ടൂറിസം ആസ്വാദനം ഇത് ആദ്യമാണ്.

സ്‌മൈല്‍ ടൂറിസമെന്ന തന്ത്രപരമായ പദ്ധതി നടപ്പിലാക്കി കാസര്‍കോട് ജില്ലയെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്തിച്ച ബി.ആര്‍.ഡി.സിയുടെ മറ്റൊരു നൂതന സംരംഭമായ ഉരു ടൂറിസം വിദേശികള്‍ക്കും ആഭ്യന്തര സഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകും. ഓരോ ടൂറിസ്റ്റുകളുടെയും വരവിന്റെ ഉദ്ദേശലക്ഷ്യങ്ങളറിഞ്ഞ് അവരവരുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുസൃതമായ പാക്കേജുകളൊരുക്കി സ്‌മെല്‍ സംരംഭകരിലൂടെ ദിശാബോധമൊരുക്കി നമ്മുടെ സംസ്‌കാരത്തിന്റെ അറിവനുഭവങ്ങളുടെ സ്വത്വം നഷ്ടപ്പെടാതെ വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.

50 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഉരുവാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസി സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് ബി.ആര്‍ ഡി.സി. മാനേജിംഗ് ഡയരക്ടര്‍ ടി.കെ. മന്‍സൂര്‍ പറഞ്ഞു. ചീഫ് സെക്രട്ടരി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടൂറിസം സെക്രട്ടരി റാണി ജോര്‍ജ്ജ്, ടൂറിസം ഡയരക്ടര്‍ പി.ബാലകിരണ്‍, കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്ത് ബാബു, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടരി ഗിരീഷ് പറക്കാട് എന്നിവര്‍ പങ്കെടുത്തു

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …