Tuesday , August 4 2020
Breaking News

ഇരുപത് വര്‍ഷം മുമ്പ് കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമയുടെ വീട്ടില്‍ പാര്‍സലായി എത്തിച്ചയാളുടെ മഹാമനസ്‌കതയില്‍ പ്രാര്‍ത്ഥിച്ച് ഒരു കുടുംബം…

കാസര്‍കോട്: പ്രവാസിയായ നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിനും കുടുംബത്തിനും ഇത് വിശ്വസിക്കാനാവുന്നില്ല. ഒപ്പം പരിശുദ്ധ മാസത്തിലെ നീണ്ട പ്രാര്‍ത്ഥനയിലും അവര്‍ അല്ലാഹുവിനോട് ചോദിക്കുന്നു. റബ്ബേ.. ആ സത്യസന്ധനായ മനുഷ്യനെ ഞങ്ങള്‍ക്കൊന്ന് കാണിച്ച് തരണമേയെന്ന്… 20 വര്‍ഷം മുമ്പ് ഇബ്രാഹിമിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട രണ്ട്. പവന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണനാണയങ്ങളാണ് കഴിഞ്ഞ ദിവസം അജ്ഞാതനായ ഒരു പയ്യന്‍ പൊതിയുടെ രൂപത്തില്‍ വീട്ടിലെത്തിച്ചത്. ഇബ്രാഹിം ഗള്‍ഫിലാണ്. രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി. നോമ്പ് തുറക്കാനുള്ള സാധനങ്ങള്‍ മേശയ്ക്ക് മുകളില്‍ വെച്ച് എല്ലാവരും ബാങ്കിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുകയായിരുന്നു.കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നു. ഹെല്‍മെറ്റ് മറച്ച് ഒരു പയ്യന്‍ പൊതി നീട്ടിക്കൊണ്ടു പറഞ്ഞു. ‘ ഇതാ ഇത് വാങ്ങണം,നോമ്പ് തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണ് ‘ സംശയമില്ലാത്തതിനാല്‍ ഭാര്യ വാങ്ങി. ആരാണ് നീ, നിന്റെ പേരെന്താണ് ? എന്ന് ചോദിക്കുന്നതിനിടയില്‍, ഇതൊരാള്‍ തന്നയച്ചതാണ് ഇവിടെ തരാനാണ് പറഞ്ഞത്. അയാള്‍ അപ്പുറത്തുണ്ടെന്ന് പറയുകയും മറ്റു കാര്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ പയ്യന്‍ ഉടന്‍ തന്നെ അവിടെ നിന്ന് വന്ന സക്കുട്ടറില്‍ സ്ഥലം വിടുകയായിരുന്നു.

പള്ളിയില്‍ നിന്ന് ബാങ്കിന്റെ ശബ്ദം കേട്ട ഉടന്‍ വീട്ടുകാര്‍ നോമ്പ് തുറന്നു. പയ്യന്‍ കൊണ്ടുവന്ന പൊതി അഴിച്ചു. നെയ്‌ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി ! ആശ്ചര്യത്തോടെ ആ പൊതി അഴിച്ചു. ഒരു തുണ്ട് കടലാസും രണ്ട് സ്വര്‍ണ നാണയങ്ങളും. കടലാസില്‍ എഴുതിയ കുറിപ്പ് വായിച്ചു.

‘അസ്സലാമു അലൈക്കും

നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അത് കൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച് എനിക്ക് പൊറുത്ത് തന്ന് മാപ്പ് ചെയ്ത് തരണം എന്ന് അപേക്ഷിക്കുന്നു.’

എന്നെഴുതിയിരുന്നു. വീട്ടുകാര്‍ ഉടന്‍ ഗള്‍ഫിലുള്ള ഇബ്രാഹിമിന് വിവരമറിയിച്ചു. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല.20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ വെച്ച് നഷ്ടപ്പെട്ട സ്വര്‍ണത്തേക്കുറിച്ച് വീട്ടുകാര്‍ എന്നേ മറന്നു പോയിരുന്നു. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്.തിരച്ചിലില്‍ ഒന്നര പവന്‍ ആഭരണം കിട്ടിയിരുന്നു. നഷ്ടപ്പെട്ട തോര്‍ത്ത് കുറെ ദിവസം വിലപിച്ചിരുന്നു. പക്ഷേ അതിപ്പോള്‍ അജ്ഞാതനായ പയ്യന്‍ സ്വര്‍ണനാണയത്തിന്റെ രൂപത്തില്‍ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നു. കാലം 20 വര്‍ഷം പിന്നിട്ടു, എത്രയോ പുണ്യ റമദാന്‍ കടന്നു പോയി. അന്ന് സ്വ ര്‍ണാഭരണങ്ങള്‍ കിട്ടിയ വ്യക്തിക്കുണ്ടായ മനംമാറ്റത്തിന്റെ കാരണം തേടുമ്പോഴും വീട്ടുകാര്‍ തെറ്റ് പൊറുത്തു കൊടുത്തിരിക്കുന്നു. കടലിനക്കരെ നിന്ന് ഇബ്രാഹിമും ഇങ്ങ് വീട്ടിലിരുന്ന് ഭാര്യയും മക്കളും നിസ്‌ക്കാര പായയിലിരുന്ന് റബ്ബിനോട് ചോദിക്കുന്നു. ആ നല്ല മനസിന്റെ ഉടമയെ ഒന്ന് കാണിക്കണമേയെന്ന്…. ഹൃദയത്തോട് ഒന്ന് ചേര്‍ത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ഈ കുടുംബം. ഈ യുഗത്തിലും ഇത്ര സത്യസന്ധമായ മനസിന്റെ ഉടമ ആരാണെന്നറിയാന്‍…

ലേഖകന്‍ : ഷാഫി തെരുവത്ത്‌

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 66 പേരില്‍ ഉറവിടമറിയാത്ത 5പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് …