Thursday , December 12 2019
Breaking News

ഇറാന് ക്രിമിനല്‍ മനസ്സ്, ഒട്ടേറെ രാജ്യങ്ങള്‍ പൊറുതിമുട്ടുന്നു -സൗദി രാജാവ്

റിയാദ്: അയല്‍രാജ്യമായ യെമെനെ സഹായിക്കുന്നതില്‍ സൗദി അറേബ്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ശൂറാകൗണ്‍സിലിന്റെ നാലാം വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഇറാന്‍ കാര്യമില്ലാതെ അയല്‍രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തെ
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇറാന്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകളില്‍ പൊറുതിമുട്ടുന്നത് സൗദി മാത്രമല്ല, ഒട്ടേറെ രാജ്യങ്ങള്‍ വേറെയുമുണ്ട്. അരാംകോ ഓയില്‍ കമ്പനിക്കെതിരേ ഉണ്ടായ അട്ടിമറിശ്രമങ്ങളും ആക്രമണവും എണ്ണനിറച്ച ചരക്ക് കപ്പലുകളെയും ഓയില്‍ ടാങ്കറുകളെയും ലക്ഷ്യമിട്ട് ഇറാന്‍ അഴിച്ചുവിട്ട ആക്രമണങ്ങളും അവരുടെ ക്രിമിനല്‍നിലപാട് വിളിച്ചറിയിക്കുന്നു. ഈ ഭീരുത്വംനിറഞ്ഞ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള വിവേകം നാം എല്ലായിപ്പോഴും
കാണിച്ചിട്ടുണ്ട്- രാജാവ് പറഞ്ഞു. കൂടെനില്‍ക്കുന്ന സുഹൃദ് രാജ്യങ്ങളുടെ നിലപാടുകളെ ഞങ്ങള്‍ വിലമതിക്കുന്നു. രാജ്യം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധം തേടി നടക്കുന്നുമില്ല. അതേസമയം, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാണ്. ഇറാന്‍ ഭരണകൂടം വിവേകത്തിന്റെവശം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി.

രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാമെന്ന വ്യാമോഹത്തില്‍ 286 ബാലിസ്റ്റിക് മിസൈലുകളും 289 ഡ്രോണുകളും ഉപയോഗിച്ച് ശത്രുക്കള്‍ ആക്രമിച്ചു. ഇത് നമ്മുടെ വികസനപ്രക്രിയയെയോ ഇവിടെ ജീവിക്കുന്ന സ്വദേശികളുടെയോ വിദേശികളുടെയോ ജീവിതത്തെയോ ഒട്ടും ബാധിച്ചില്ല. രാജ്യം സമാധാനപരമായിത്തന്നെ മുന്നോട്ട് കുതിക്കുകയും
ചെയ്യുന്നു. നമ്മുടെ സായുധസേന അതെല്ലാം പ്രതിരോധിച്ചുവെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

രാജ്യം ഇതിനകം ആര്‍ജിച്ചെടുത്ത അഭൂതപൂര്‍വമായ വളര്‍ച്ചയും കുതിപ്പും എല്ലാവരുടെയും അഭിമാനത്തിന്റെ ഉറവിടമാണ്. തീവ്രചിന്തകളെയും ഭീകരവാദത്തെയും ഇല്ലായ്മചെയ്യുന്നതില്‍ രാജ്യം കൈവരിച്ച വിജയത്തില്‍ നമുക്ക് ഏറെ അഭിമാനിക്കുവാനുള്ള അവകാശമുണ്ട്. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ സാമ്പത്തികഭദ്രതയും സുസ്ഥിരതയും നേടുന്നതിനും രാജ്യത്തിന്റെ
പൊതുവായവികസനം സാധ്യമാക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക അടിത്തറയും വരുമാനസ്രോതസ്സുകളും വൈവിധ്യവത്കരിച്ചു മുന്നോട്ട് പോവുകയാണ്.

അരാംകോയുടെ ഓഹരികളുടെ ഒരുഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കാമെന്ന രാജ്യത്തിന്റെ പ്രഖ്യാപനം രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരുടെ സഹകരണം കമ്പനിയിലേക്ക് എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. ഇത് നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

യു.എ.ഇയില്‍ പരക്കെ കനത്ത കാറ്റും മഴയും; ദുബായ് മാളില്‍ വെള്ളം കയറി

ദുബായ്: യു.എ.ഇയിലുടനീളം ഇന്ന് കനത്ത മഴ. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ ചില …