Wednesday , July 8 2020
Breaking News

ഇസ്മയില്‍ വധകേസ് : കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

കാസര്‍കോട് : തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലനെ (50) കൊലപ്പെടുത്തിയ കേസില്‍ കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. കേസില്‍ റിമാന്റിലായിരുന്ന ഭാര്യയും കാമുകനും അടക്കം മൂന്നു പേര്‍ക്കും ജാമ്യം ലഭിച്ചു. ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത് (29) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

കേസില്‍ ഒന്നാം പ്രതിയായ ആയിഷക്ക് ഹൈക്കോടതിയും ഹനീഫക്കും അറാഫത്തിനും ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. മരവ്യാപാരിയായ ഇസ്മയിലിനെ 2020 ജനുവരി 20നു രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്മായില്‍ തൂങ്ങി മരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായി മൃതദേഹം താനും മുഹമ്മദ് ഹനീഫയും ചേര്‍ന്ന് ഇറക്കി കിടത്തിയതാണെന്നുമാണ് ആയിഷ ആദ്യം പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ ഇസ്മായിലിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയേയും ചോദ്യം ചെയ്തതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്.

ഹനീഫയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആയിഷയുമായി ഇസ്മായില്‍ വഴക്കുകൂടുന്നത് പതിവായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസമായ ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ആയിഷയും ഹനീഫയും പദ്ധതി ആസൂത്രണം ചെയ്യുകയും ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനെയും സിദ്ദിഖിനും പണം നല്‍കി ഇതിനു ചുമതലപ്പെടുത്തുകയുമായിരുന്നു. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ അറഫാത്തും സിദ്ദിഖും ചേര്‍ന്ന് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയും ആയിഷയും ഹനീഫയും വീടിനു പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മൂന്നു പ്രതികളയും മഞ്ചേശ്വരം സി ഐ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് ഒളിവിലാണ്. കൊലപാതക കേസില്‍ അറസ്റ്റ് നടന്നാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവികമായും ജാമ്യം ലഭിക്കും. ഇസ്മായില്‍ വധക്കേസില്‍ ഈ പഴുതാണ് പ്രതികള്‍ക്ക് സഹായകമായത്.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …