Thursday , September 24 2020
Breaking News

ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കും ജില്ലാകളക്ടര്‍

കാസര്‍കോട് : ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍, മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേരെ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ അനുവദിക്കൂ. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിക്കും. ടോക്കണ്‍ നല്‍കി ഒരേ സമയത്ത് പരമാവധി 50 പേരെ മാത്രം അകത്ത് പ്രവേശിപ്പിക്കും.രാവിലെ 7.30 വരെ റീട്ടയില്‍ വ്യാപാരികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്‌സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ പറഞ്ഞു.

എച്ച്.ഡി.സി പരീക്ഷ നടത്തുന്നതിന് അനുമതി

സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സഹകരണ കോളേജുകളില്‍ നടക്കുന്ന എച്ച്.ഡി.സി , ബി.എം പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്നതിന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റിയോഗം അനുമതി നല്‍കി. എന്നാല്‍ പരീക്ഷ നടത്തുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അറിയിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും വേണം.

എയര്‍ കണ്ടീഷ്ണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടി
പല ജ്വല്ലറികളിലും ഇപ്പോഴും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന ജില്ലാ പോലീസ് മേധാവി അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകയാവണം

യാത്രകള്‍ പരമാവധി ഒഴിവാക്കിയും സ്വകാര്യ ചടങ്ങുകളില്‍ നിന്നും ഒത്തു ചേരലുകളില്‍ നിന്നും മാറി നിന്നും എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങള്‍ക്ക് മാതൃകയാവണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി ഡി ശില്പ,സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എ ഡി എം എന്‍ ദേവിദാസ്, ഡിഎം ഒ ഡോ എ വി രാംദാസ്,ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ,കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പ്രാദേശിക തലത്തില്‍ ബോധവത്ക്കരണം ശക്തമാക്കും

കോവിഡ് 19 വ്യാപനത്തിനെതിരെ പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജില്ലാതല ഐ ഇ. സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. സമ്പര്‍ക്ക രോഗവ്യാപനം നിയന്ത്രിക്കാന്‍ മുന്‍സിപ്പല്‍ പഞ്ചായത്ത് തലത്തില്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കാന്‍ പ്രചാരം നിര്‍മിക്കാന്‍ ആരോഗ്യ വിഭാഗം ജില്ലാ മാസ് മീഡിയ ഓഫീസറെ ചുമതലപ്പെടുത്തി ഹയര്‍ സെക്കണ്ടറി പ്രവേശന ചുമതലയുള്ള അധ്യാപകരേയും പത്താം ക്ലാസ് സേ പരീക്ഷ ചുമതലയുള്ള അധ്യാപകരെയും താത്കാലികമായി മാഷ് പദ്ധതിയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മാഷ് പദ്ധതി ചുമതലകളില്‍ നിന്ന് ഒഴിവാക്കില്ല. സി എഫ് എല്‍ടിസി ഡാറ്റാ എന്‍ട്രി ചുമതല വഹിക്കുന്ന അധ്യാപകര്‍ കൊറോണ രോഗികളുമായും നേരില്‍ ബന്ധപ്പെടേണ്ടതില്ലെന്നും ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതിയെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കൊറോണ ക്വിസ് മത്സരം സംഘടിപ്പിക്കും
കാസര്‍കോട്ട് തീയേട്രിക്‌സ് സൊസൈറ്റി 65 നും മുകളിലും 10 ല്‍ താഴെയും പ്രായമുള്ളവര്‍ക്കു വേണ്ടി കൊറോണ ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാരന് 5000 രുപ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2500 രൂപയും ഫലകവും നല്‍കും. ജില്ലാ കളക്ടര്‍ സബ് കളക്ടര്‍ ജില്ലാ പോലീസ് മേധാവി അഡീഷണല്‍ എസ്പി എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കും.
മാഷ് പദ്ധതി ജില്ലയില്‍ നല്ല രീതിയില്‍ സംഘടിപ്പിക്കുന്നു. റേഡിയോ, മാഷ് വിഷന്‍ , മാഷ് വാഹനം എന്നിവ വിവിധ പഞ്ചായത്തുകളുടെ സവിശേഷ പ്രചരണ രീതികളാണെന്നും യോഗം വിലയിരുത്തി. ഇത് മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും തീരുമാനിച്ചു. ഐ ഇ സി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഡി എം എന്‍ ദേവിദാസ്, ,ജില്ലാമാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മാഷ്, ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, കോര്‍ഡിനേറ്റര്‍ വിദ്യ പി, സീനിയര്‍ സൂപ്രണ്ട് കെ ജി മോഹനന്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, സാമൂഹിക സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് , രജീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വപദവിയിലേക്ക്
കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ശുചിത്വ ബ്ലോക്ക് പഞ്ചായത്ത് പദവി ഇനി കാഞ്ഞങ്ങാടിന് സ്വന്തം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ മേഘശ്രീ.ഡി.ആര്‍ ശുചിത്വ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം ശുചിത്വ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, അജൈവ മാലിന്യം സംഭരിക്കുന്നതിന് മിനി എം.സി.എഫുകള്‍ ഗാര്‍ഹിക മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഓരോ പഞ്ചായത്തിനെയും ശുചിത്വപദവിയിലേക്ക് ഉയര്‍ത്തിയത്. ബ്ലോക്ക് തല റിസസോര്‍സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) സെന്റര്‍ നിര്‍മ്മാണവും ഇതിന്റെ നിര്‍മ്മിച്ചിട്ടുണ്ട്.

ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ബെവിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമന്‍.എസ് സ്വാഗതവും, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരിഹരന്‍.ടി.കെ നന്ദിയും പറഞ്ഞു.

RANDOM NEWS

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി …