Wednesday , September 30 2020
Breaking News

കനത്ത മഴയില്‍ വീടിനു മുകളില് കുന്നിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

മംഗ്‌ളൂരു : കനത്ത മഴയെ തുടര്‍ന്ന് കുന്നിടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു. ഗുരുപുര ബംഗ്ലഗുഡ്ഡെയിലുണ്ടായ അപകടത്തില്‍ സഹേദാരങ്ങളായ സഫ്വാന്‍ (16), സഹാല (10) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിച്ച് വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക ഒന്നരയോടെയാണ് അപകടം. 3 വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞു. 1 വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും മണ്ണിനടിയിലായി.

പൂര്‍ണ്ണമായി മണ്ണിനടിയിലായ വീട്ടില്‍ ഉണ്ടായിരുന്നവരാണ് മരിച്ച കുട്ടികള്‍. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും എല്ലാം ചേര്‍ന്ന് 5 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ നാലു മണിക്കൂറോളം പണിപ്പെട്ടാണ് മണ്ണു നീക്കി വീടിനുള്ളില്‍ നിന്നു കുട്ടികളെ പുറത്തെടുത്തത്. ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു. മറ്റു രണ്ടു വീടുകളില്‍ സംഭവ സമയം ആളുകള്‍ ഉണ്ടായിരുന്നു.

മണ്ണ് ഇടിയുന്ന ശബ്ദം കേട്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ഒരു ലോറിക്കും കേടുപറ്റി. മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ 14 വീടുകള്‍ ഒഴിപ്പിച്ചു. മണ്ണിടിഞ്ഞ കുന്നിനു മുകളിലുള്ള വീടുകളും ഏതു നിമിഷവും തകരുന്ന നിലയിലാണ്.

മുകളിലെ ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, നളിന്‍കുമാര്‍ കട്ടില്‍ എം പി, ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ സിന്ധു ബി രൂപേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വീടു തകര്‍ന്ന 3 കുടുംബങ്ങള്‍ക്കും പുതിയ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി അറിയിച്ചു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …