Sunday , September 27 2020
Breaking News

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായി പിളര്‍ന്നു; പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നിമാറി താഴേക്ക് പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്.

177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. 100 ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായി റിപ്പോര്‍ട്ടുണ്ട്.

വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയിട്ടുണ്ട്.

ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വന്‍ ദുരന്തമൊഴിവായി.

സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിന്റെ ലഭ്യതക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കരിപ്പൂര്‍ വിമാനപകടത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു.

ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ അഗ്നിശമന സേനകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുമ്ട്. അവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …