Thursday , November 26 2020
Breaking News

കരിപ്പൂര്‍ വിമാനപകടം : ഞെട്ടലില്‍ പ്രവാസലോകം

ദുബായ് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ ബന്ധുക്കളും സുഹൃത്തുക്കളും ആഹ്ലാദത്തോടെയാണ് യാത്രയയച്ചത്. പെരുന്നാളും അവധിയുംകൂടി കഴിഞ്ഞ വാരാന്ത്യത്തിലെ യാത്രക്കാരില്‍ പലരും പ്രവാസം അവസാനിപ്പിച്ച് നാടണയാന്‍
തയ്യാറായവരായിരുന്നു. വന്ദേഭാരത് മിഷനില്‍പെട്ട വിമാനത്തില്‍ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബായില്‍നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്്പ്രസ് വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി കത്തിനശിച്ച ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്ന നിരവധി പ്രവാസികളുണ്ട്. അന്ന്
ചാമ്പലായത് ഒട്ടേറെ കുടുംബങ്ങളുടെ സ്വപ്നങ്ങളായിരുന്നു. അതിന്റെ ഓര്‍മകളാണ് വെള്ളിയാഴ്ചത്തെ ദുരന്തം അറിഞ്ഞപ്പോഴും പ്രവാസികളില്‍ ഉണര്‍ന്നത്..

വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറിയെന്നത് മാത്രമായിരുന്നു തുടക്കത്തില്‍ എത്തിയ വാര്‍ത്തകള്‍. ഞെട്ടലോടെയാണ് ആ വാര്‍ത്ത ഗള്‍ഫ് മലയാളികള്‍ കേട്ടതെങ്കിലും വലിയ ആപത്ത് ഒഴിവായല്ലോയെന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാല്‍ നിമിഷങ്ങള്‍ കഴിയവെയാണ് അപകടത്തിന്റെ തീവ്രത പുറത്തറിഞ്ഞ് തുടങ്ങിയത്. അതോടെ വിവരങ്ങള്‍ അറിയാനുള്ള
ബദ്ധപ്പാടിലായിരുന്നു എല്ലാവരും. കോവിഡ് കാലമായതിനാല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ആരും വരേണ്ടതില്ലെന്ന് പലരും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപദേശിച്ചിരുന്നു. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സികളില്‍ വീടുകളില്‍ ക്വാറന്റീന് തയ്യാറായി എത്തിക്കോളാം എന്നായിരുന്നു അവരെല്ലാം വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഇതുകാരണം ബന്ധുക്കളുടെ തിരക്ക് വിമാനത്താവളത്തില്‍ പതിവിലും വളരെ കുറവായിരുന്നു.

എന്നാല്‍ ടെലിവിഷനുകളില്‍ വിമാനാപകടത്തിന്റെ ആദ്യ ഫ്‌ളാഷുകള്‍ വന്നുതുടങ്ങിയതോടെ തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കിട്ടിയ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്ക് കുതിച്ചു.
ഒട്ടേറെ വീടുകളില്‍ നിലവിളി ഉയര്‍ന്നു. വൈകാതെ ആശുപത്രികളില്‍ നിന്ന് സേവന സന്നദ്ധരായ നാട്ടുകാരുടെ ഫോണ്‍ വിളികള്‍ ലഭിച്ചതോടെയാണ് പല വീടുകളിലെയും ആശങ്കയ്ക്ക് അവസാനമായത്. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയ പലരും യാത്രക്കാരില്‍ ഉണ്ടായിരുന്നു. വിലപ്പെട്ട ഒട്ടേറെ സാധനങ്ങളുമായിട്ടായിരുന്നു അവരുടെ യാത്ര. അവയില്‍ പലതും നഷ്ടമാവുകയോ നശിക്കുകയോ ചെയ്തുവെന്ന വേവലാതിയും അതോടൊപ്പം ഉയരുന്നു.
അപകടത്തിന്റെ വിവരങ്ങള്‍ നല്‍കാനായി പെട്ടെന്ന് തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫീസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ച് ഉറ്റവരുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ മുന്നിട്ടിറങ്ങി.

RANDOM NEWS

ബഹുസ്വരതയുടെ പ്രാധാന്യം ഉദ്‌ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ് വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം

കാസര്‍കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ മാത്രമായി ബന്ധിക്കപ്പെട്ട കുരുന്നുകള്‍ക്ക് സാമൂഹിക ജിവിതത്തെ കുറിച്ച് പങ്കുവെക്കാനുള്ളത് വലിയ സ്വപ്നങ്ങള്‍. …