Wednesday , July 8 2020
Breaking News

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ ദുഖമായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ മാറി. കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി യുദ്ധകാല അടിസ്ഥാനത്തില്‍ നാടിന് സമര്‍പ്പിച്ചതാണ് പ്രധാന നേട്ടങ്ങളില്‍ ഒന്ന്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്ന നിരവധി വികസന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്.ജില്ലയിലെമ്പാടും മികച്ച റോഡുകള്‍, എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങി ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭവുമുള്ള നവകേരളത്തിന്റെ സൃഷ്ടി ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളെല്ലാം കാസര്‍കോടും പ്രകടമായി. ലൈഫ് മിഷനിലൂടെ വീടില്ലാത്തവര്‍ക്ക് വീടുകളും സ്ഥലമില്ലാത്തവര്‍ക്ക് സ്വന്തമായി ഭൂമിയും പാര്‍പ്പിടവുമൊരുക്കി.

  കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയിലൂടെ ഉപ്പ് കലരാത്ത കുടിവെള്ളം ജില്ലയ്ക്ക് ലഭ്യമാക്കിയത് ചരിത്ര നേട്ടമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള ആശുപത്രി നിര്‍മ്മാണം കാഞ്ഞങ്ങാട് പുരോഗമിക്കുന്നു. കാസര്‍കോട് റവന്യു ഡിവിഷന്‍ യാഥാര്‍ത്യമാക്കി, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളുടെ അടിസ്ഥാന സൗകര്യ വികസത്തിനും മുന്തിയ പരിഗണന നല്‍കിയതും എടുത്തു പറയേണ്ട നേട്ടമാണ്. 
   സ്‌കൂളുകളിലേക്കുള്ള ദൂരം കുറഞ്ഞത് കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വിജയത്തിലേക്ക് അടുപ്പിച്ചു.വിവിധ വകുപ്പുകളുകളുടെ ഏകോപനത്തില്‍ പൊതുവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയ കാലത്ത് സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും കൂടി വന്നതോടെ വിദ്യാഭ്യാസ മോഖലയില്‍ ജില്ലയുടെ മുഖച്ഛായ മാറി. അഞ്ച് കോടി രൂപയും മൂന്ന് കോടിയും ഒരു കോടിയും മുതല്‍ മുടക്കി നിരവധി സ്‌കൂളുകള്‍ ഹൈടെക് ആക്കി. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടി. 2019 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലൂടെ സ്ഥിരം കലോത്സവ സങ്കല്‍പങ്ങളെ പൊളിച്ചെഴുതി കേരളം ഒട്ടാകെ വാനോളം പുകഴ്ത്തിയ കാസര്‍കോടന്‍ സ്‌റ്റൈല്‍ കലോത്സവമാക്കി.ജില്ലയ്ക്കും വിദ്യഭ്യാസ മേഖലയ്ക്കും ചാര്‍ത്തിയ പൊന്‍തൂവലായിരുന്നു ഈ അംഗീകാരം.
 കാസര്‍കോടുകാരുടെ മെഡിക്കല്‍ പഠന സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കുന്നതാണ് കാസര്‍കോട് മെഡിക്കല്‍ കോളേജ്. ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ താരമായ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഗവ. മെഡിക്കല്‍ മേഖലയിലെ വിദ്യാഭ്യാസവും സ്വന്തം മണ്ണില്‍ ലഭിക്കും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബിയിലുടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ടെക്‌നിക്കല്‍ സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം ഗവണ്‍മെന്റ് കോളേജുകളിലും കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു.

    മേല്‍പ്പറമ്പ, കാസര്‍കോട് വനിതാ പോലീസ്റ്റേഷനുകള്‍ ആരംഭിച്ചു. ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും സഹായം ലഭിക്കുന്ന വനിതാ ഹെല്‍പ് ലൈനും ഷീ ലോഡ്ജും പോലീസിന്റെ പിങ്ക് പെട്രോളും ജില്ലയില്‍ ആരംഭിച്ചു. കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈറോളജി ലാബ്, ടാറ്റാ കോവിഡ് ആശുപത്രി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയത്. കരിന്തളം ,ഉദുമ ഗവണ്‍മെന്റ് കോളേജുകള്‍ പ്രധാന നേട്ടമാണ്. പുതിയ ഗവ. ഐ ടി ഐ കള്‍ എന്നിവ ജില്ലയില്‍ ആരംഭിച്ചു.മത്സ്യ തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ അന്തിയുറങ്ങാനുള്ള പദ്ധതികളും നടപ്പാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളും ലാബും ഫാര്‍മസിയും നവീകരിച്ചു. 

 ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളെ പുനരുജ്ജീവിപ്പിക്കാനായി ഇനി ഞാന്‍ ഒഴുകട്ടെ എന്ന മികച്ച ക്യാമ്പയിനിങ് നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പൊതുജനങ്ങളും വിദ്യാര്‍ത്ഥികളുമടങ്ങിയ സമൂഹത്തിന്റെ ഉത്സാഹ പൂര്‍ണ്ണമായ പ്രവര്‍ത്തന ഫലമായി നാം നമ്മുടെ പുഴകളുടെ ജീവന്‍ തിരിച്ചെടുത്തു. പ്ലാസറ്റിക്ക് മാലിന്യങ്ങളും മറ്റും പൊതിഞ്ഞ പുഴ മുഴുവനായും പുഴനടത്തം സംഘടിപ്പിച്ച് ശുചീകരിച്ചു. ഇനി ഞാന്‍ ഒഴുകട്ടെ എന്ന പേരില്‍ നടത്തിയ പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനകീയ യജ്ഞമായി തീര്‍ന്നു. കാസര്‍കോടിനെ ദക്ഷണേന്ത്യയുടെ ബാബു ക്യാപിറ്റലാക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 
   ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ ഉപയോഗിച്ച് ജല ദൗര്‍ലഭ്യം തടയാനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു. തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ചു, മഴക്കുഴികളും, മഴവെള്ള സംഭരണികളം നിര്‍മ്മിച്ചു, കിണര്‍ റീച്ചാര്‍ജ്ജിങ് വീടുകളിലെല്ലാം പ്രാവര്‍ത്തികമാക്കി, കയ്യാലകളും ബണ്ടുകളും നിര്‍മ്മിച്ചു

കാസര്‍കോടിന്റെ പൊതുജനാരോഗ്യ സംവിധാനം ഇന്ന് കുടുംബ ക്ഷേമകേന്ദ്ര തലം തൊട്ട് മെഡിക്കല്‍ കോളേജ് വരെയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമായി മാറിയിരിക്കുന്നു. 53 ഓളം ആരോഗ്യസ്ഥാപനങ്ങളിലുടെ ഇന്ന് പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് ഭൗതിക ചുറ്റുപാടുകളുടെ സേവന മികവിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനമായി മാറുകയും ചെയ്തു. എന്‍.ക്യൂ.എ.എസ് പുരസ്‌കാരം, കായകല്പ പുരസ്‌കാരം എന്നിവ ലഭ്യമാകുകയും ദിവസേന ശരാശരി 1500 ആള്‍ക്കാര്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയില്‍ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്. 2019 ല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് പ്രവര്‍ത്തന മികവിനാല്‍ ദേശീയ തലത്തില്‍ ലഭിക്കുന്ന കായകല്‍പ്പം അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ജില്ലാ ആശുപത്രിയാണ് കാസര്‍കോട്. അടിസ്ഥാന സൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും പരിമിതികളുണ്ടെന്നിരിക്കിലും വലിയ പടവുകള്‍ താണ്ടിയിരിക്കുകയാണ് ജില്ലാ ആശുപത്രി. ഡെങ്കിപ്പനി പ്രതിരോധം, കാന്‍സര്‍ രോഗ ചികിത്സ എന്നിവയില്‍ ഏറെ പ്രാധാന്യമുള്ള രക്ത ഘടക വിഭജന യൂണിറ്റ് 2018 യില്‍ ജില്ലാശുപത്രിയില്‍ സ്ഥാപിച്ചു .അതുപോലെ കീമോതെറാപ്പിക്ക് അത്യന്താപേക്ഷിതമായ ബയോ സേഫ്റ്റി ക്യാബിന്‍ 2019 മുതല്‍ ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍ഗോഡ് താലൂക്ക് ആശുപത്രി 2008 മുതല്‍ ജനറല്‍ ആശുപത്രിയായി മാറ്റപ്പെട്ടു. വിവിധ സ്‌പെഷാലിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജനറലാശുപത്രിയില്‍ ദിവസേന ആയിരത്തിലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്.

ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയ്ക്കാകെ പുതുജീവന്‍ ലഭിച്ചു. ടോക്കണ്‍ സിസ്റ്റവും പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തന നിലവാരവും ഒക്കെയായി പൊതു ആരോഗ്യരംഗത്തിന്റെ കെട്ടുംമട്ടും ആകെ മാരിമറിഞ്ഞു. മുറ്റത്ത് ഭംഗിയായൊരുക്കിയ പൂന്തോട്ടവും മികച്ച ടോക്കണ്‍ സിസ്റ്റവും പ്രായമായവര്‍ക്കും എന്റോസള്‍ഫാന്‍ ഇരകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകം ഒ.പി സംവിധാനങ്ങളുമെല്ലാമായി പുതിയ പ്രവര്‍ത്തനങ്ങള്‍. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലേക്ക് സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞ ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയ്ക്ക് മികച്ച ആതുരാലയങ്ങള്‍ ലഭിച്ചു. ലക്ഷ്യ, ആര്‍ദ്രം പദ്ധതികള്‍ ആശുപത്രികളുടെ കെട്ടും മട്ടും മാറ്റിമറിച്ചു.

  തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി ഡയാലിസിസ് കേന്ദ്രങ്ങള്‍ അനുവദിക്കുകയും പ്രവര്‍ത്ത നമാരംഭിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി കാഞ്ഞങ്ങാട് പണി പുരോഗമിക്കുന്നു. ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നു. ഇന്ന്

11 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 29 കുടുംബാരോഗ്യ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 6 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ അഞ്ച് താലൂക്ക് ആശുപത്രികള്‍ എന്നിവയും നിലവില്‍ കാസര്‍കോടിനെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമാണ്.
കോവിഡ് 19 വ്യാപനം സംസ്ഥാനത്ത് തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനത്തെ പിടിച്ചു കെട്ടുന്നതിനു കാസര്‍കോട് ആരോഗ്യ മേഖലക്കു സാധിച്ചു. കോവിഡ് സമയത്ത് മെഡിക്കല്‍ കോളേജിന്റെ സൗകര്യവും വിദൂരമായപ്പോള്‍ സര്‍ക്കാരിനെ നിര്‍ദ്ദേശപ്രകാരം അഞ്ചു ദിവസത്തിനുള്ളില്‍ 200 ബെഡ് ഉള്ള കോവിഡ് ഹോസ്പിറ്റല്‍ ആയി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് സജ്ജീകരിച്ചു വന്നത് ജില്ല കൈവരിച്ച മികച്ച നേട്ടം തന്നെയാാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണമായ ഇടപെടലുകളാണ് നടത്തിയത്. ഇതിനായി വിവിധ ഘട്ടങ്ങളില്‍ വലിയ തുകയാണ് ചിലവഴിച്ചത്. പ്രതിസന്ധിയിലായ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഫെബ്രുവരി വരെ സര്‍ക്കാര്‍ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് പ്രകാരം സാമ്പത്തിക സഹായമായി 171.10 കോടി രൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, 201920 നവംബര്‍ വരെയുള്ള പെന്‍ഷന്‍, ആശ്വാസ കിരണം, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് 88.39 കോടിയും വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമം മുളിയാറില്‍ സ്ഥാപിക്കുന്നു. ബഡ്‌സ് സ്‌കൂളുകള്‍ യാഥാര്‍ത്യമായി. കായിക മേഖലയില്‍ പുത്തനുണര്‍വ്, സ്‌പോര്‍ട്‌സ് ഡിവിഷന്‍, ഹോസ്റ്റല്‍ എന്നിവ അനുവദിച്ചു. നീലേശ്വരം ഇ എം എസ് സ്റ്റേഡിയം അവസാന ഘട്ടത്തില്‍. കാഞ്ഞങ്ങാട് സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം കാഞ്ഞങ്ങാട് ആരംഭിച്ചു. മടിക്കൈയില്‍ സാംസ്‌കാരിക സമുച്ചയം ഒരുങ്ങുന്നു.

  കുറ്റിക്കോലില്‍ പുതിയ വൈദ്യുതി സബ്‌സ്റ്റേഷന് തറക്കല്ലിട്ടു. കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ടി പി റോഡ്, മലയോര ഹൈവേ എന്നിവ യാഥാര്‍ഥ്യാമായി . തീരദേശ ഹൈവേ, ബേക്കല്‍ വരെ നീളുന്ന ദേശീയ ജലപാത ഗെയില്‍ പൈപ് ലൈന്‍ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജൂണില്‍ കമ്മീഷന്‍ ചെയ്യും. ദേശീയ പാത 66 ആറ് വരി പാതയായി വികസിപ്പിക്കുന്നതിന് തലപ്പാടി മുതല്‍ ചെങ്കള വരെയും ചെങ്കള മുതല്‍ നീലേശ്വരം വരെയും അനുമതിയായി. കോട്ടകളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷണത്തിന് ഊന്നല്‍ നല്‍കി. കേരള തുളു അക്കാദമിക്ക് ആസ്ഥാന മന്ദിരം യാഥാര്‍ഥ്യാമാക്കി. കൂടുതല്‍ തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കി കാര്‍ഷിക മേഖലയ്ക്കും പുത്തനുണര്‍വേകി. എല്ലാ കര്‍ഷകര്‍ക്കും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ആദ്യ ജി്ല്ലയായി കാസര്‍കോട്. ജില്ലയില്‍ കൂടുതലുള്ള അടയ്ക്കാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ആശ്വാസമേകി. ടൂറിസം രംഗത്തും സഹകരണ മേഖലയിലും പുത്തനുണര്‍വേകി. എല്ലാവര്‍ക്കും സൗജന്യ റേഷന്‍, സൗജന്യ ഭക്ഷ്യാ ധാന്യ കിറ്റ്, അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ ആശ്വാസ സഹായം എന്നിങ്ങനെ സമസ്ത മേഖലകളിലും ഇതിനോടകം നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …