കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തയ്യല്‍ കടയുടമയായ കാനത്തൂര്‍ സ്വദേശിയെ ബാവിക്കര മുനമ്പം തൂക്കു പാലത്തിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
കാസര്‍കോട് മെഹബൂബ് തിയേറ്റര്‍ റോഡ് അപ്സര ബില്‍ഡിംഗിലെ ഫാഷന്‍ സ്റ്റിച്ചിങ് സെന്റര്‍ ഉടമ കാനത്തൂര്‍ പയോലത്തെ സി. മോഹന(51) നെയാണ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രി എട്ടിന് കടയടച്ച് സ്വകാര്യ ബസില്‍ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. രാത്രി എത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
തൂക്കുപാലത്തില്‍ നിന്ന് വീണ് മരിച്ചതാകുമെന്നാണ് സംശയിക്കുന്നത്.
എന്നാല്‍ മോഹനന് ഇതുവഴി എത്തേണ്ടിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് സംശയത്തിനിടയാക്കിയത്.
തൂക്കുപാലത്തിന് മുകളില്‍ ചെരിപ്പ്, പ്ലാസ്റ്റിക് കവര്‍, വീടിന്റെ താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടവര്‍ സമീപവാസികളെ അറിയിക്കുകയായിരുന്നു. അവര്‍ പൊലീസില്‍ വിവരമറിയിച്ചു.
ആദൂര്‍ പൊലീസ് എത്തി ഫോണ്‍ പരിശോധിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മൃതദേഹം ആദ്യം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പരിയാരത്തേക്ക് കൊണ്ടുപോവാന്‍ തീരുമാനിക്കുകയായിരുന്നു.
പരേതരായ വി. ചന്തുമാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനയ. മക്കള്‍: അഖില്‍ മോഹനന്, നിഖില്‍ മോഹനന് (ഇരുവരും വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: തമ്പാന്, ശാന്ത, ഗോപാലന്, ബാലാമണി, സുരേന്ദ്രന്, ശ്രീലത