Wednesday , December 19 2018
Breaking News
Collector-Dr.-Sajith-Babu-Damoddharan

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണം: ജില്ലാകളക്ടര്‍

മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കാസര്‍കോട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാട്ട്‌സ്ആപ് പൊതുജന പരിഹാര അവലോകനയോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വാട്ട്‌സ്ആപ് പൊതുജന പരിഹാര സംവിധാനം ആരംഭിച്ചത്. ഇതിന്റെ ആദ്യ അവലോകന യോഗത്തില്‍ 45 പരാതികളാണ് ലഭിച്ചത്. ഇതില്‍ 25 പരാതികളും പരിഹരിച്ചു. ബാക്കിയുള്ളവ ഉടന്‍ പരിഹരിക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുക്കുന്നതിനായി പഞ്ചായത്ത് നഗരസഭ തലത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

കാസര്‍കോട് നഗരസഭ, മഞ്ചേശ്വരം, മംഗല്‍പാടി, മെഗ്രല്‍ പുത്തൂര്‍, കുമ്പള, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.പൊതുജനങ്ങളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണിക്കും. ടൗണില്‍ കൂടുതല്‍ മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ സിസി ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിമാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …