Wednesday , September 30 2020
Breaking News

കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര വൈറോളജി ലാബ്; ധാരണാപത്രം ഒപ്പുവെച്ചു

കാസര്‍കോട് : കേരള കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര കോവിഡ്19 പരിശോധനാ ലാബ് സ്ഥാപിക്കുന്നതിനായി സര്‍വകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. ഭാവിയില്‍ കാസര്‍കോട് ജില്ലയിലെ അതിനൂതന വൈറസ് ഗവേഷണരോഗനിര്‍ണയ ലാബായി വികസിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്. നിലവില്‍ ജില്ലയുടെ കോവിഡ് പരിശോധനാ ലാബ് സ്ഥിതി ചെയ്യുന്നത് സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന്റെ ലാബിലാണ്. ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍മാര്‍ക്ക് പുറമെ സര്‍വകലാശാല ഫാക്കല്‍റ്റി അംഗങ്ങളുടെയും വകുപ്പിലെ മുതിര്‍ന്ന ഗവേഷണ വിദഗ്ധരുടെയും പിന്തുണയോടെയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്.

സ്വതന്ത്ര ലാബിന് പ്രത്യേക കെട്ടിടം

പുതുതായി സ്ഥാപിക്കുന്ന ലാബ് കാമ്പസിനകത്ത് പ്രത്യേക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ കെട്ടിടം കാമ്പസിലെ പ്രധാന അക്കാദമിക് സമുച്ചയത്തില്‍ നിന്ന് വളരെ അകലെയായതിനാല്‍ വിദ്യാര്‍ത്ഥികളുടെയും യൂണിവേഴ്‌സിറ്റി ജീവനക്കാരുടെയും ആശങ്കയില്ലാതാക്കുമെന്ന് കോവിഡ് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വകുപ്പ് മേധാവി ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എംഎസ്സി, പിഎച്ച്ഡി വിഭാഗത്തിലുള്ളവര്‍ക്ക് പഠനവും ഗവേഷണവും തുടരേണ്ടതുണ്ട്. സര്‍വകലാശാലയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആശ്വാസമാവും. ആരോഗ്യവകുപ്പിന്റെ പിന്തുണയോടെ സ്വതന്ത്ര ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുമ്പോള്‍ വൈറസ് അധിഷ്ഠിത രോഗങ്ങള്‍ പരിശോധിക്കാനും ഗവേഷണം നടത്താനും സാധിക്കും. ഉയര്‍ന്ന നിലവാരമുള്ള ലാബ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ജില്ലയിലെയും കണ്ണൂരിലെയും രോഗികള്‍ക്ക് ഇത് വലിയ സഹായമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപതിനായിരത്തിലധികം ടെസ്റ്റുകള്‍ നടത്തി

നിലവില്‍ സര്‍വകലാശാല ലാബില്‍ 20,000 ത്തിലധികം ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധനാ സൗകര്യമൊരുക്കുന്നതിലൂടെ ജില്ലയും സംസ്ഥാനത്തിനും വളരെയധികം പിന്തുണയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ലാബിന്റെ സേവനങ്ങള്‍ പരിശോധനാ ഫലങ്ങള്‍ നേടുന്നതിനുള്ള കാലതാമസം ഗണ്യമായി കുറച്ചിട്ടുണ്ട്. പ്രദേശത്തെ രോഗനിര്‍ണയ പ്രക്രിയയും കൈകാര്യക്ഷമതയും വര്‍ദ്ധിപ്പിച്ചു. കൂടാതെ സര്‍വകലാശാല ഹോസ്റ്റലുകള്‍ കോവിഡ് രോഗികളുടെ ക്വാറന്റൈന്‍ കേന്ദ്രമായി പരിവര്‍ത്തനം ചെയ്തതും ജില്ലയ്ക്ക് ആശ്വാസമായിട്ടുണ്ട്.
ധാരണപത്രം ഒപ്പുവെയ്ക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു,സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ജി ഗോപകുമാര്‍, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ) കെ ജയപ്രസാദ്, ഡിഎംഒ ഡോ. എ വി രാംദാസ്, എന്‍എച്ച്എം ഡിപിഎം ഡോ. രാമന്‍ സ്വാതി വാമന്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, ധനകാര്യ ഓഫീസര്‍ ഡോ. പ്രസന്ന കുമാര്‍, ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. രാജേന്ദ്ര പിലങ്കട്ട, ഡോ. വി ബി സമീര്‍ കുമാര്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് : ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക് ; സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്ക്

കാസര്‍കോട് : ചൊവ്വാഴ്ച (സെപ്റ്റംബര്‍ 29) ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് …