Saturday , November 25 2017
Breaking News
Money

കേന്ദ്ര മന്ത്രി ഉള്‍പ്പെടെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്.

പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളിരേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.

ജയന്ത് സിന്‍ഹ പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2013 ലാണ് അദ്ദേഹം രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്.

2 ജി സ്‌പെകട്രം വില്‍പ്പനയിലെ ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത, അമിതാഭാ ബച്ചന്‍ എന്നിവരും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്എന്‍സി ലാവ്‌ലിന്‍, കാര്‍ത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്,
ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് വിവരം..

കാര്‍ത്തി ചിദംബരത്തിന് പുറമെ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റ്, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ സിക്വിസ്റ്റ ഹെല്‍ത്ത് കെയരറില്‍ ഡയറക്ടര്‍മാരായിരുന്നു.

ആഗോള തലത്തില്‍ റഷ്യന്‍ സ്ഥാപനത്തിന് ട്വിറ്ററിലും ഫെയ്സ് ബുക്കിലുമുളള നിക്ഷേപവും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ രഹസ്യ സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാരഡൈസ് പേപ്പറില്‍
പറയുന്നു. മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കുടുംബവുമായി വില്‍ബര്‍ റോസിന്റെ ബന്ധങ്ങളും പുറത്തുവന്ന രേഖകളില്‍ പെടുന്നു.

രഹസ്യ വിവരങ്ങളുടെ വിശദാംശങ്ങളില്‍ യു.എ.ഇയുടെ ചാരവിമാനം വാങ്ങലും ഇറാഖി ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് വേണ്ടി കനേഡിയന്‍ എന്‍ജിനിയറുടെ ബാര്‍ബഡോസ് ആസ്ഥാനമായ ആയുധകമ്പനി സൂപ്പര്‍ ഗണ്‍ ഉണ്ടാക്കാനുളള ശ്രമവും ഉള്‍പ്പെടുന്നു. ടാക്‌സ് ആഡൈ്വസര്‍ എന്ന നിലയില്‍ ഇവര്‍ക്കൊക്കെവേണ്ടി ആപ്പിള്‍ബൈ കമ്പനിയാണ് ഇടപാടുകള്‍ നിയന്ത്രിച്ചിട്ടുള്ളത്.

119 വര്‍ഷം പഴക്കമുളള ഈ കമ്പനി, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബാങ്കേഴ്‌സ് ഇതുമായി ബന്ധമുളള മറ്റുളളവര്‍ എന്നിവരുടെ ആഗോള നെറ്റ്വര്‍ക്കാണ്. ഇവര്‍ വിദേശത്ത് കമ്പനികള്‍ ആരംഭിച്ച് അവരുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മാനേജ് ചെയ്യുകയും ചെയ്യുന്നു. പലരാജ്യങ്ങളില്‍ നിന്നും ഇടപാടുകാര്‍ക്ക് നികുതിഒഴിവാക്കി നല്‍കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ മാനേജ് ചെയ്യുക, എസ്‌ക്രോ അക്കൗണ്ടുകള്‍ ആരംഭിക്കുക, വിമാനങ്ങളും ഉല്ലാസ നൗകകളും കുറഞ്ഞ
നികുതി നല്‍കി വാങ്ങുക, രാജ്യാന്തരമായി ദശലക്ഷങ്ങള്‍ കൈമാറുന്നതിനായി വിദേശ സങ്കേതങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ആപ്പിള്‍ബൈ കമ്പനി ചെയ്യുക..

നാലാമത്തെ പട്ടികയാണ് ഐസിഐജെ ഇപ്പോള്‍ പുറത്തുവിടുന്നത്. 2013-ല്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള 612 ഇന്ത്യാക്കാരുടെ
പേരുകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ജനീവ എച്ച്. എസ്. ബി. സി ബാങ്കില്‍ അക്കൗണ്ടുള്ളവരുടെയും കഴിഞ്ഞ കൊല്ലം പാനമ രേഖകളിലൂടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടു വരുന്നതിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക തലേന്നാണ് പേരുകള്‍ പുറത്തുവരുന്നത്.

RANDOM NEWS

-----------------

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് …