Wednesday , October 17 2018
Breaking News
Governoe

കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.: ഗവര്‍ണര്‍ പി.സദാശിവം

കാസര്‍കോട് : കോടതികളില്‍ കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കാസര്‍കോട് ് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം. കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയ്യെടുക്കണം. എം.പി, എം.എല്‍.എ ഫണ്ട് തടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികള്‍ സമ്മര്‍ വെക്കേഷന്‍ എന്ന പേരില്‍ ഏഴ് ആഴ്ചയും വിറ്റര്‍ വെക്കേഷന്‍ രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.കോടതികളില്‍ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ട്. പിന്നെ ഈ കാലയളവില്‍ അവധി നല്‍കുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.കാസര്‍ഗോസ് കുടുംബ കോടതിയും എം.എ.സി.ടി കോടതിയും സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവരുമായി സംസാരിക്കും. രാജധാനി ട്രെയിനിന് കാസര്‍കോട് സ്റ്റോപ് അനുവദിക്കുന്നതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച് വരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കൃത്യനിഷ്ഠ പാലിക്കുന്നതോടൊപ്പം തൊഴില്‍ ധാര്‍മ്മികതയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷനായി. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണി സ്വാഗതവും കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എ സി അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരിണകയുടെ പ്രകാശനം ഗവര്‍ണര്‍ ഗവര്‍ണര്‍ പി.സദാശിവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയിക്ക് നല്‍കി നിര്‍വഹിച്ചു.
വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് അഡ്വ.സുധീര്‍ മാടക്കത്ത് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.

കഴിഞ്ഞ നവംബര്‍ നാലിന് കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണു വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു. ഒരു വര്‍ഷത്തിനിടെ ജില്ലയിലെ പഞ്ചായത്തുകളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമസാക്ഷരത ക്ലാസുകള്‍ സംഘടിപ്പിച്ചു. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവ നടത്തി. ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പില്‍ സ്ഥാപിച്ചു.

RANDOM NEWS

Theft

കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

കുമ്പള: കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണപതി …