Wednesday , June 3 2020
Breaking News

കോവിഡിനുള്ള ചൈനീസ് വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയകരം; മനുഷ്യരിലും ട്രയല്‍ തുടങ്ങി

ബെയ്ജിങ്: കോവിഡ്19 നെതിരെയുള്ള വാക്‌സിന്‍ ആദ്യമായി ഒരു ജീവിയില്‍ രോഗം വരുന്നത് തടഞ്ഞതായി റിപ്പോര്‍ട്ട്. പുതുതായി വികസിപ്പിച്ച കോവിഡ് വാക്‌സിനുകളിലൊന്ന് കുരങ്ങുകളില്‍ പരീക്ഷിച്ച് വിജയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം വിജയിച്ചത്. പാര്‍ശ്വഫലങ്ങളൊന്നുമുണ്ടാക്കാതെ വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമായെന്നാണ് ലാബ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് ഇതേ വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഏപ്രില്‍ 16ന് തുടങ്ങി. ബെയ്ജിങ്
ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക്ക് കമ്പനിയാണ് പരീക്ഷണത്തിനു പിന്നില്‍…

എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളില്‍ കുറഞ്ഞ അളവിലും നാല് കുരങ്ങുകളില്‍ കൂടിയ അളവിലും വാക്‌സിന്‍ ഡോസ് നല്‍കി. വാക്‌സിന്‍ നല്‍കി മൂന്നാഴ്ച്ചയ്ക്ക് ശേഷം ഗവേഷകര്‍ കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ശ്വാസ നാളത്തിലൂടെ ട്യൂബ് വഴിയാണ് വൈറസിനെ സന്നിവേശിപ്പിച്ചത്. എന്നാല്‍ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല.

ഏറ്റവും കൂടിയ അളവില്‍ വാക്‌സിന്‍ ഡോസ് നല്‍കിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയില്‍ കുരങ്ങുകളുടെ ശ്വാസകോശത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

കുറഞ്ഞ അളവില്‍ വാക്‌സിന്‍ ഡോസ് നല്‍കിയ മൃഗങ്ങളില്‍ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അണുബാധ നിയന്ത്രിക്കാന്‍ അവയ്ക്കായി.അതേ സമയം, പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ നല്‍കാത്ത നിയന്ത്രിത ഗ്രൂപ്പിലെ നാല് റിസസ് കുരങ്ങുകള്‍ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളും ഉയര്‍ന്ന അളവിലുള്ള വൈറല്‍ ആര്‍എന്‍എകളുടെ സാന്നിധ്യവും ശരീരത്തില്‍ കാണിച്ചു. bioRxiv ലാണ് ഏപ്രില്‍ 19 ന് സിനോവാക് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട്
പോസ്റ്റുചെയ്തത്. പിയര്‍ റിവ്യൂ (peer review) വിന് മുമ്പ് മെഡിക്കല്‍ രംംഗത്തെ ഗവേഷണ പ്രബന്ധങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പോര്‍ട്ടലാണ് ‘bioRxiv’. ഇങ്ങനെ ഒരു പഠനം വരുന്ന വിവരം ഈ രംഗത്തുള്ള മറ്റ് ഗവേഷകരെ മുന്‍കൂട്ടി അറിയിക്കാനാണ് ഈ പോസ്റ്റിങ്.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …