Sunday , August 9 2020
Breaking News

ജില്ലയില്‍ ശിശുദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു; കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ക്കെതിരെ രക്ഷാവലയം തീര്‍ക്കണം; എം. പി

കാസര്‍കോട് : കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാതിമതവര്‍ഗ്ഗഭാഷാരാഷ്ട്രീയത്തിന് അതീതമായി മനസ്സാക്ഷിയുള്ള എല്ലാവരും രക്ഷാ വലയം തീര്‍ത്ത് എന്നും അവരെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വനിതാ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആലസ്യത്തില്‍ മയങ്ങിയ ഒരു തലമുറയെ തട്ടിയുണര്‍ത്തി കര്‍മ്മ നിരതരാക്കിയ രാഷ്ട്രശില്‍പിയുടെ ജന്മ ദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക വ്യാവസായിക ശാസ്ത്ര സാങ്കേതിക രംഗത്ത് കൊണ്ടുവന്ന പുത്തന്‍ ഉണര്‍വ്വ് നെഹ്‌റുവിനെ രാഷ്ട്ര ശില്‍പി എന്ന വിശേഷണത്തിന് അര്‍ഹനാക്കി. പ്ലാനിങ് കമ്മീഷന്‍, ഐ.ഐ.ടി, ഈ രാജ്യത്തെ അണക്കെട്ടുകള്‍, യു.ജി.സി, അറ്റോമിക് എനര്‍ജി തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളുടെ ശില്‍പിയാണ് കുട്ടികളുടെ ചാച്ചാജിയെന്ന് അദ്ദേഹം പറഞ്ഞു.

മരണം വരെ ജനാധിപത്യ വിശ്വാസിയും മതേതര വാദിയുമായിരുന്ന നെഹ്‌റുവിന് കുട്ടികളോട് എന്നും പ്രിയമായിരുന്നു. കുട്ടികളെ പൂമൊട്ടുകളോടുപമിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീനയാണ് ശിശുദിന സ്റ്റാമ്പ് രൂപകല്‍പന ചെയ്തത്. ലോക ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥിനികളായ മലാലലയെയും ഗ്രേറ്റ തുന്‍ബെര്‍ഗിനെ പോലെയും നമ്മുടെ കുട്ടികളും ഉയര്‍ന്നുവരണെമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ള ക്ഷാമത്തിന്റെതാണ്. നമ്മുടെ ഭൂഗര്‍ഭജലം കേവലം 2.2 ശതമാനം മാത്രമേ ബാക്കിയുള്ളൂ. നാളത്തെ തലമുറയായ നിങ്ങള്‍ ഇതിനെതിരെ രംഗത്ത് വരണമെന്ന് കുട്ടികളോട് കളക്ടര്‍ പറഞ്ഞു.

ശിശുദിന റാലി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് കാസര്‍കോട് മുനിസിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം ഫ്‌ലാഗ്ഓഫ് ചെയ്തു. റാലിയില്‍നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് ടി.ഐ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പ്രസിഡന്റ് കെ.പ്രജ്ഞ ഉദ്ഘാടനം ചെയ്തു. ഭാരതത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന് ആശ്വസിക്കാമെങ്കിലും കുട്ടികളുടെ സുരക്ഷ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രജ്ഞ പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യം കുതിക്കുമ്പോഴും നമ്മുടെ നാട്ടില്‍ ബാലവേല വര്‍ധിക്കുകയാണ്. നാളെയുടെ ഭാവി നിശ്ചയിക്കേണ്ട കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ അവരിലേക്കെത്തിക്കാന്‍ പലപ്പോഴും സാധിക്കാതെ പോകുന്നു. ഇതിനെതിരെ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് പ്രജ്ഞ പറഞ്ഞു. പരിപാടിയില്‍ കുട്ടികളുടെ സ്പീക്കര്‍ കെ. സ്വരൂപ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ശിശുദിന സന്ദേശം അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.
കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അനുമോദിച്ചു. തുടര്‍ന്ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് ഡി.ഡി.ഇ കെ.വി പുഷ്പ ഉപഹാരങ്ങള്‍ നല്‍കി. ശിശുദിനറാലിയില്‍ മികച്ച പ്രകടനം നടത്തിയ ജി.എച്ച്.എസ്.എസ്. ചെമ്മനാടിന് ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ താഹിര്‍ ഉപഹാരം നല്‍കി.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ ബിന്ദു, കാസര്‍കോട് എ.ഡി.സി (ജനറല്‍) ബെവിന്‍ ജോണ്‍, ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് എം.പി.വി ജാനകി, ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, ഡി.ഇ.ഒ എന്‍. നന്ദികേശന്‍, ടി.ഐ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദലി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കുസുമം ജോണ്‍, പി.ടി.എ പ്രസിഡന്റ് സി.എച്ച് ഹസൈനാര്‍ എന്നിവര്‍ സന്നിഹിതരായി. കുട്ടികളുടെ പ്രധാനമന്ത്രി അഞ്ജിത ബിജോയ് സ്വാഗതവും ഉപരാഷ്ട്രപതി എ.എസ് അബാന്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …