ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിലെ മെറിഡിയന് ഹോട്ടലില്‍ വച്ചു നടന്ന പൂജാ ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൈറ്റില്‍ ഉള്‍ക്കൊള്ളുന്ന മോഷന്‍ പോസ്റ്ററും പുറത്തു വിട്ടി്ട്ടുണ്ട്.
റാം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രമേഷ് പി. പിള്ളൈ, മിഥുന് എസ്. പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്കുന്നു. ദൃശ്യം എന്ന ചിത്രം മലയാളത്തിലും ഇതരഭാഷകളിലും സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ആറു വര്‍ഷത്തിനിപ്പുറവും ആ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇന്നും ഇടം പിടിക്കുന്നു. തമിഴ്, ഹിന്ദി, ചൈനീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്തതും ചിത്രം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ മാസ് ത്രില്ലര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.