Saturday , October 31 2020
Breaking News

ജുവലറി നിക്ഷേപത്തട്ടിപ്പ് : അന്വേഷണത്തിന് പ്രത്യേക സംഘം ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി

കാസര്‍കോട് : എം സി ഖമറുദ്ദിന്‍ എം എല്‍ എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജുവലറി നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് മേല്‍നോട്ടം നല്‍കും.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, എ എസ് പി വിവേക് കുമാര്‍, ഐ ആര്‍ ബറ്റാലിയന്‍ കമന്‍ഡന്റ് നവനീത് ശര്‍മ എന്നിവരെയാണ് പ്രത്യേക പോലീസ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
12 കോടിയില്‍പരം രൂപയും 130 പവനും നഷ്ടപ്പെട്ടുവെന്നാണ് പരാതി ഇതിനു പുറമെ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസും ഹൊസ്ദുര്‍ഗ് കോടതിയില്‍ നിലവിലുണ്ട്.

ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിക്കല്‍,, വണ്ടിച്ചെക്ക് നല്‍കി വഞ്ചിക്കല്‍, സ്വകാര്യ സ്വത്ത് സമ്പാദനം, ആസ്തിവകകളുടെ വില്‍പന, ഡയറക്ടര്‍മാരുടെ ഐ ടി റിട്ടേണ്‍ വിവരങ്ങള്‍, നികുതി വെട്ടിപ്പ്, വിദേഷയാത്രകള്‍, ഫോണ്‍കോള്‍ വിവരങ്ങള്‍, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍, ഔദ്യോഗിക വാഹന ഉപയോഗം തുടങ്ങിയവ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.

ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ സി എ അബ്ദുല്‍റഹിം, എം എ മാത്യു, കെ മധുസുദനന്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ട് പേരുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കേസിന്റെ ചുമതല പ്രത്യേക സംഘത്തിന് കൈമാറിക്കൊണ്ട് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. എം സി ഖമറുദ്ദിന്‍ എം എല്‍ എ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയരക്ടറുമായാണ് 2006 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ജുവലറി രജിസ്റ്റര്‍ ചെയ്തത്.

അതേസമയം നിക്ഷേപത്തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റും അന്വേഷണം തുടങ്ങി. കമ്പനിയുടെ മറവില്‍ നടത്തിയ പണമിടപാടുകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോസ്ഥരില്‍ നിന്ന് ആദ്യം വിവരങ്ങള്‍ ശേഖരിക്കും.

ഖമറുദ്ദിന്‍ എം എല്‍ എ, പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ ഏഴ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേരയില്‍ അഞ്ചും കാസര്‍കോട് രണ്ടും കേസുകളാണ് വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ചന്തേരയില്‍ 50ഉം കാസര്‍കോട് 14 ഉം പയ്യന്നൂരില്‍ ഒമ്പതും ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 73 ആയി.

കമ്പനിയുടെ പ്രാക്ടീഷ്യന്‍ സെക്രട്ടറിയെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു. കമ്പനി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്. വരും ദിവസങ്ങളില്‍ മാനേജര്‍, ജുവലറി ജീവനക്കാര്‍, ഡയറക്ടര്‍മാര്‍ എന്നിവരെ ചോദ്യം ചെയ്യും.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …