Saturday , July 20 2019
Breaking News

ജനമനസ്സുകളില്‍ കുടിയേറി രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് : കടലും കായലും മുത്തമിടുന്ന ഈ മനോഹര തീരം സഞ്ചാരികളുടെ പറുദീസയാക്കി കാണിച്ചുതരാം. കടല്‍വിമാനം കോട്ടപ്പുറത്തെ തീരത്ത് പറന്നിറങ്ങും. വലിയപറമ്പ് ദ്വീപും ഇടയിലക്കാടും കണ്‍നിറയെക്കണ്ട് ആസ്വദിക്കാന്‍ വിദേശികള്‍ ഒഴുകിയെത്തും. വിദേശപണത്തിന്റെ സമ്പന്നതയില്‍ .
കാസര്‍കോടിന്റെ ടൂറിസംമേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ആയിരക്കണക്കിന് തദ്ദേശവാസികള്‍ക്ക് ജോലികിട്ടും എന്നെ ഒരുതവണ ഒരേയൊരുതവണ പാര്‍ലമെന്റിലേക്ക് അയക്കൂ. ഈ പറഞ്ഞതെല്ലാം അക്ഷരംപ്രതി നടപ്പിലാക്കി കാണിച്ചുതരാം….ഒരു എം.പി.ക്ക് എന്തെല്ലാം ചെയ്യാന്‍കഴിയുമെന്ന് കാസര്‍കോട്ടുകാരും അറിയണ്ടേ…?” തൃക്കരിപ്പൂര്‍ കടപ്പുറത്തെ സ്വീകരണകേന്ദ്രത്തില്‍ വാക്കുകളെ ജ്വലിപ്പിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍..

വികസനവും തൊഴില്‍സാധ്യതയും പറഞ്ഞുതീരുംമുമ്പേ ആള്‍ക്കൂട്ടത്തിന്റെ കൈയടി. കൈയടി ശബ്ദത്തിനിടയില്‍ ഇത്രയുംകൂടി. ”കൈയടിനേടാന്‍വേണ്ടി ഞാന്‍ ഒന്നും പറയില്ല. ചെയ്യാന്‍ കഴിയുന്നതേ പറയൂ. പറയുന്നതേ ചെയ്യൂ.” രാവിലെ ഒന്‍പതുമണിയോടെയാണ് ബുധനാഴ്ചത്തെ പര്യടനം തുടങ്ങിയത്. ആദ്യകേന്ദ്രമായിരുന്നു തൃക്കരിപ്പൂര്‍ കടപ്പുറം. ചൊവ്വാഴ്ച അര്‍ധരാത്രി പെരിയ നെടുവേട്ടുപാറയിലെ കാവില്‍ ഒറ്റക്കോലംകണ്ട് ഭാര്യ സുധാകുമാരിക്കൊപ്പം മേല്‍പ്പറമ്പിലെ വാടകവീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പുലര്‍ച്ചെ .
രണ്ടുമണിയായിരുന്നു. രാവിലെ 7.20-ഓടെ ബുധനാഴ്ചത്തെ പര്യടനത്തിനായി പുറപ്പെട്ടു. തൃക്കരിപ്പൂരിലേക്കുള്ള യാത്രയില്‍ കാഞ്ഞങ്ങാട് ഗണേശ് ഹോട്ടലില്‍നിന്ന് നെയ്റോകഴിച്ച് കൂടെയുള്ളവര്‍ക്കൊപ്പം കാറില്‍ കയറുമ്പോള്‍ സമയം എട്ടുമണി. കടപ്പുറത്തെത്തിയപ്പോള്‍ തൃക്കരിപ്പൂരുകാരുടെ ആവേശോജ്വല സ്വീകരണം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കെ.സിന്ധു ഷാളണിയിച്ചു. കാര്‍ നിര്‍ത്തിയതിന് തൊട്ടടുത്തുള്ള വീട്ടില്‍
കയറി വോട്ടഭ്യര്‍ഥന. ഈ വീട്ടിലെ കാര്‍ത്ത്യായനിയമ്മയുടെ അനുഗ്രഹംവാങ്ങി വേദിയിലേക്ക്. കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന രവീന്ദ്രന്‍ സ്മാരകമന്ദിരത്തിന് മുമ്പിലായിരുന്നു വേദി. മോദിഭരണംമുതല്‍ കല്യോട്ടെ ഇരട്ടക്കൊലവരെ പറഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ ഉദ്ഘാടനപ്രസംഗം. തൃക്കരിപ്പൂരിന്റെ വികസനത്തിനൊപ്പം കാസര്‍കോട് മണ്ഡലത്തിലുണ്ടാകേണ്ട മാറ്റങ്ങള്‍ ഉണ്ണിത്താന്‍ ഒന്നൊന്നായി എടുത്തുപറഞ്ഞു.

രണ്ടാമത്തെ സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്നവാഹനത്തില്‍ യാത്ര. പര്യടനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യു.ഡി.എഫ്. നേതാക്കളായ വി.കെ.പി.ഹമീദലിയും കരിമ്പില്‍ കൃഷ്ണനും പി.കെ.ഫൈസലും ഉള്‍പ്പടെയുള്ളവര്‍. ”ഭാഷകളുടെ നാട്ടിലെത്തിയ വാക്കിന്റെ പോരാളി, യു.ഡി.എഫിന്റെ സമരനായകന്‍ ഇതാ കടന്നുവരുന്നു…” പ്രവര്‍ത്തകരെ
ആവേശംകൊള്ളിച്ച് അകമ്പടിവാഹനത്തിലെ അനൗണ്‍സ്മെന്റ്. മാവിലാ കടപ്പുറത്ത് കഴിഞ്ഞദിവസം അന്തരിച്ച ശശിധര വെളിച്ചപ്പാടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തൊട്ടടുത്ത് മുസ്ലിം സ്ത്രീകള്‍ തടിച്ചുകൂടി നില്‍ക്കുന്നു. സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ അവരുടെവക കമന്റ്… ”ടി.വി.യില്‍ എന്നും കാണാറുണ്ട്. നിങ്ങള് ജയിക്കും…” സ്ത്രീകൂട്ടായ്മയില്‍നിന്നുള്ള പ്രതികരണത്തില്‍ മനസ്സുനിറഞ്ഞ് ചിരിക്കുന്നതിനിടെ പ്രായമായ ഉമ്മ കുഞ്ഞാമിന തലയില്‍ കൈവെച്ചനുഗ്രഹിച്ചു.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികളേന്തി ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കള്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിനുമുമ്പിലും പിറകിലുംഅകമ്പടിയായി. വടക്കേപ്പുറത്തും എടച്ചാക്കൈയിലും ഒളവറ ഗേറ്റിലുമൊക്കെ തകര്‍പ്പന്‍ സ്വീകരണം. ഓരോ സ്വീകരണകേന്ദ്രത്തിലുമെത്തുമ്പോള്‍ ഏതാനും മീറ്ററുകള്‍ക്കപ്പുറത്തുവെ
ച്ചുതന്നെ സ്ഥാനാര്‍ഥിയെ തുറന്നവാഹനത്തില്‍നിന്ന് താഴെയിറക്കി പ്രകടനമായാണ് ആനയിക്കുന്നത്. ആറാട്ടുത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലും കളിയാട്ടം നടക്കുന്ന കൊയോങ്കര ഭഗവതി ക്ഷേത്രത്തിലുമെത്തി പ്രാര്‍ഥന. എടച്ചാക്കൈ അല്‍അമീന്‍ യത്തീംഖാനയിലെത്തി കുട്ടികളുമായി സ്‌നേഹസല്ലാപം. ഓരോ കേന്ദ്രത്തിലെയുംവരവേല്‍പ്പ് ആഘോഷമായപ്പോള്‍ സമയക്രമമെല്ലാം തെറ്റി. ഇതിനിടെ കെ.സി.വേണുഗോപാലിന്റെ ഫോണ്‍കോള്‍ ഡല്‍ഹിയില്‍നിന്ന്. പ്രചാരണത്തിന്റെ ആവേശം പറയുന്നതിനിടെ പ്രിയങ്കയുടെ റോഡ് ഷോ കാസര്‍കോട് മണ്ഡലത്തില്‍ വേണമെന്ന ആഗ്രഹം പറയാനും ഉണ്ണിത്താന്‍ മറന്നില്ല.

RANDOM NEWS

Rain

ജില്ലയില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ. ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 ഹെക്ടര്‍ പ്രദേശത്തെ …