Saturday , October 31 2020
Breaking News

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ഇനിയും ചികിത്സ ആരംഭിക്കാന്‍ സാധിക്കാത്തത് പിണറായി സര്‍ക്കാരിന്റെ പരാജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ആരോപിച്ചു. ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് കാസറഗോഡ് ജില്ലയെ കാലാകാലങ്ങളായി അവഗണിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് നിയമിച്ച ഡോക്ടര്‍മാരെയും ജൂനിയര്‍ ഡോക്ടര്‍മാരെയും സ്ഥലം മാറ്റിയത്. ടാറ്റ കൈമാറിയ ആശുപത്രി കോവിഡ് ചികിത്സ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉക്കിനടുക്ക മെഡിക്കല്‍ ആശുപത്രി പൂര്‍ണ രൂപത്തില്‍ ആരംഭിക്കുകയും വേണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി കോവിഡിനു മുന്‍പുള്ളതു പോലെ മറ്റു രോഗ ചികിത്സയ്ക്കായി തുടരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. താലൂക് ആശുപത്രികളും സി.എച്.സികളും അവഗണിക്കപ്പെടുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചെന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അവകാശവാദം തെറ്റാണ്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ പലതും ഒഴിഞ്ഞുകിടക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളും, ഐ സി യു കളും പ്രവര്‍ത്തന രഹിതമാണ്. കോവിഡ് മരണവും വ്യാപനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം ആതുരരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ജില്ലയിലെ ആരോഗ്യരംഗം ഏറ്റുവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിലെ വീഴ്ച മറച്ചുവെക്കാന്‍ പ്രതിപക്ഷത്തെ പഴിചാരി രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ആരോപിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ , ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എ. സദാനന്ദ റൈ,
ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, ജില്ല സെല്‍ കോഡിനേറ്റര്‍
എന്‍ . ബാബുരാജ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍ ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു. ബിജെപി നേതാക്കളായ സീ ചന്ദ്രന്‍, ബി.ജനാര്‍ദ്ദനന്‍ നായര്‍ കുറ്റിക്കോല്‍, അഡ്വ. ബി ,രവീന്ദ്രന്‍ , സി കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, സദാശിവന്‍ മണിയങ്ങാനം, കെ കാര്‍ത്ത്യായനി,മഹേഷ് ഗോപാല്‍, രഞ്ജിനി കെ .ആര്‍,
ഗംഗാധരന്‍ തച്ചങ്ങാട്, എ സിന്ധു , കെ ധര്‍മ്മവതി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …