Monday , March 30 2020
Breaking News

തട്ടിക്കൊണ്ടുപോയ ചെമ്പരിക്ക സ്വദേശി തസ്ലിമിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തി

കാസര്‍കോട് :കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ചാ കേസില്‍ റിമാന്റ് കഴിഞ്ഞ് ജാമ്യലിറങ്ങി വരുന്നതിനിടെ തട്ടിക്കൊണ്ടുപോയ ചെമ്പരിക്ക സ്വദേശിയെ ഗുണ്ടാസംഘം കൊലപ്പെടുത്തി. കീഴൂര്‍ ചെമ്പരിക്കയിലെ തസ്ലിം എന്ന മുത്തസ്ലിമിനെ (38)യാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച് പോലീസ് പിന്തുടരുന്നതിനിടെ കാറില്‍വെച്ച് തസ്ലിമിനെ കൊലപ്പെടുത്തി സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

നിരവധി കേസുകളില്‍ പ്രതിയായ തസ്ലിമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു. ദുബൈയില്‍ റോയുടെയും ദുബൈ പോലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലിമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് തസ്ലിമിനെ വിട്ടയക്കുകയും ചെയ്തു. ഇതിനു ശേഷം കര്‍ണാടകയിലെ ഒരു ആര്‍ എസ് എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഈ കേസിലും യുവാവിനെ വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മംഗ്‌ളൂരു നല്ലോകി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബര്‍ 16നു തസ്ലിമിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് റിമാന്റിലായിരുന്ന തസ്ലിമിനു ജനുവരി 31നു ജാമ്യം ലഭിച്ചിരുന്നു. ഉച്ചയോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ തസ്ലിം സുഹൃത്തുക്കളുടെ കൂടെ കാറില്‍ കാസര്‍കോട്ടേക്ക് വരുന്നതിനിടെ മറ്റൊരു കാറിലെത്തിയ സംഘം ആയുധങ്ങളുമായി വളഞ്ഞ് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരന്‍ അബ്ദുല്‍ഖാദറിന്റെ പരാതിയില്‍ നല്ലോകി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘങ്ങളെക്കുറിച്ച് പോലീസിനു സൂചന ലഭിക്കുകയും രഹസ്യ താവളം വളഞ്ഞ പോലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ കാറില്‍വെച്ച് കൊലപ്പെടുത്തി അക്രമി സംഘം രക്ഷപ്പെട്ടുവെന്നാണ് കര്‍ണാടക പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തസ്ലിം കൊല്ലപ്പെട്തായി കാസര്‍കോട് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …