Thursday , September 24 2020
Breaking News

തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി

മൈസൂരു/രാജപുരം: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളില്‍ ഒരാളായ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ രവികിരണ്‍ ഒരുമാസം മുന്‍പാണ് ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്..ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ചരാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്.

മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുന്‍പ് പുതിയ വീട് നിര്‍മിച്ച് ഭാഗമണ്ഡലത്തേക്ക് താമസം മാറിയതിനാല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്ത മഴയില്‍ തടസ്സപ്പെട്ടു. ഇതിനിടെ ത്രിവേണി സംഗമത്തില്‍ വെള്ളം ഉയര്‍ന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങള്‍ക്കും
അപകടസ്ഥലത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20
പശുക്കള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും മണ്ണിനടിയില്‍പ്പെട്ടതായി കരുതുന്നു.

ബ്രഹ്മഗിരി മലയില്‍ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുള്‍പൊട്ടലുണ്ടാത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമാണ് ഇവിടം. സ്ഥലം എം.എല്‍.എ. കെ.ജി ബൊപ്പയ്യ, കുടക് ഡെപ്യൂട്ടി കമ്മിഷണര്‍ ആനീസ് കണ്‍മണി ജോയി, ജില്ലാ പോലീസ് സൂപ്രണ്ട് ക്ഷമ മിശ്ര എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു..

RANDOM NEWS

കടുത്ത എതിര്‍പ്പിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി; ബില്‍ കീറിയെറിഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ …