Thursday , November 14 2019
Breaking News

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം പ്രദേശ നിവാസികള്‍ക്ക് സാമൂഹ്യകലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ വിദ്യാകേന്ദ്രത്തിനുമായി നീലേശ്വരം നഗരസഭ ഒരുക്കിയിരിക്കുന്നത്. കരുവാച്ചേരിയിലെ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനസജ്ജമായതോടുകൂടി നീലേശ്വരം നഗരസഭയിലെ എല്ലാ എസ്.സി. കോളനികളിലും കമ്മ്യൂണിറ്റി ഹാള്‍ സംവിധാനം യാഥാര്‍ത്ഥ്യമായി. കരുവാച്ചേരിയിലെ കമ്മ്യൂണിറ്റി ഹാളില്‍ തനതുകലകള്‍ക്കും സുകുമാര കലകള്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട് .ഇവിടെ രൂപീകരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ സംരക്ഷണ സമിതി ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കും.
കമ്മ്യൂണിറ്റി ഹാളിന്റെ രണ്ടാനിലയില്‍ സജ്ജമാക്കിയിരിക്കുന്ന തുടര്‍ വിദ്യാകേന്ദ്രത്തില്‍ തുടര്‍സാക്ഷരതാ പ്രവര്‍ത്തനങ്ങളോടൊപ്പം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവീട് സൗകര്യവും ഏര്‍പ്പെടുത്തും. കൂടാതെ പി.എസ്.സി. തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തീവ്ര സൗജന്യപരിശീലനപരിപാടിയും ഈ കേന്ദ്രത്തില്‍ ഒരുക്കും. കമ്മ്യൂണിറ്റി ഹാളില്‍ ഇതിനാവശ്യമായ ഫര്‍ണിച്ചറുകളും, ടെലിവിഷന്‍, മൈക്ക് സെറ്റ്, കസേര, മേശ, ഷെള്‍ഫ് തുടങ്ങിയവും അടുത്തുതന്നെ നഗരസഭ ലഭ്യമാക്കും.
കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും എം. രാജഗോപാലന്‍, എം.എല്‍എ. തുറന്നുകൊടുത്തു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, പി. രാധ, കൗണ്‍സിലര്‍മാരായ കെ.വി. ഉഷ, കെ.വി. രാധ,ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, കൊട്ടറ വാസുദേവ്, കെ. കേശവന്‍, കെ. സദാശിവന്‍, ടി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ കെ. ഗണേശന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. രതീഷ് സ്വാഗതവും ടി.വി. രാജന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …