Tuesday , April 7 2020
Breaking News

നെഹ്രു കോളേജില്‍ കെ.എസ്.യു.-എസ്.എഫ്.ഐ. സംഘര്‍ഷം

നീലേശ്വരം: പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കെ.എസ്.യു.-എസ്.എഫ്.ഐ. സംഘര്‍ഷം. ചൊവ്വാഴ്ച കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്താനിരുന്ന വയം നെഹ്രു സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനപരിപാടിയെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. പരിപാടി നടത്താനായി കെ.എസ്.യു. പ്രവര്‍ത്തകര്‍ തുറന്ന ഓഡിറ്റോറിയം
ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രിന്‍സിപ്പല്‍ മിനിഹാളാണ് അനുവദിച്ചത്. ഇതേസമയം, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍, കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദനപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഉച്ചയ്ക്ക് 2.30-നും 4.30-നും ഇടയിലാണ് കെ.എസ്.യു.വിന് പരിപാടി നടത്താന്‍ ഹാള്‍ അനുവദിച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരേ വിദ്യാര്‍ഥികളുപാട്ടുകൂട്ടം പരിപാടിയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച അനുമതിക്കത്ത് നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പുറത്ത് തമ്പടിച്ചു. തുടര്‍ന്ന് 12.30-ഓടെ പ്രിന്‍സിപ്പല്‍ കോളേജിന് അവധി നല്‍കി. ഇതേത്തുടര്‍ന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിന് എതിര്‍വശത്തുള്ള മുന്‍ കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ഉദ്ഘാടനപരിപാടി സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്, പ്രിന്‍സിപ്പലിനോട് മോശമായി പെരുമാറി.യെന്നാരോപിച്ച് കെ.എസ്.യു. പ്രവര്‍ത്തകയും കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണുമായ എസ്.ആതിരയെ പത്തുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, പ്രിന്‍
സിപ്പലിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ആതിര പറഞ്ഞു. പരിപാടിക്കുള്ള അനുമതിപത്രം രേഖാമൂലം തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹം തരാന്‍ തയ്യാറായില്ലെന്നും ആതിര പറഞ്ഞു.

എസ്.എഫ്.ഐ. ഫാസിസ്റ്റ് നിലപാട് ആവര്‍ത്തിക്കുന്നു -കെ.എസ്.യു

നെഹ്രു കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന പി.വി.പുഷ്പജ ടീച്ചര്‍ വിരമിക്കുമ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഫാസിസ്റ്റ് നിലപാട് ആവര്‍ത്തിക്കുകയാണെന്ന് കെ.എസ്.യു. ജില്ലാ കമ്മിറ്റി ആരോപിച്ചു. കോളേജില്‍ എസ്.എഫ്.ഐ.യുടെയും കെ.എസ്.യുവിന്റയും
സാംസ്‌കാരിക സംഘടനകള്‍ നേരത്തേതന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇടക്കാലത്ത് കെ.എസ്.യുവിന്റെ സംഘടന നിര്‍ജീവമായി. അത് പുനരാരംഭിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരിപാടി. നിഷ്പക്ഷരായ വിദ്യാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു അത്. പരിപാടി തകര്‍ക്കാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിന്‍സിപ്പലും ചില അധ്യാപകരും കൂട്ടുനിന്നു. സംഭവത്തില്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ആതിരയെ അകാരണമായി സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ പക്ഷപാതപരമായ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

കാമ്പസിന്റെ സമാധാന്തരീക്ഷം തകര്‍ക്കാന്‍ കെ.എസ്.യു. നീക്കം -എസ്.എഫ്.ഐ
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മികച്ച വിജയം നേടിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ചുവരെഴുത്തുകള്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി എസ്.എഫ്.ഐ. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടേറിയറ്റ് അറിയിച്ചു. മുഴുവന്‍ വിദ്യാര്‍ഥികളുടെയും ശ്രമഫലമായുള്ള
കലോത്സവ നേട്ടത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ശ്രമമാണിത്. യൂണിയന്റെ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അതേസമയം മറ്റ് പരിപാടികള്‍ സംഘടിപ്പിച്ച് സമാന്തര യൂണിയന്‍ ഉണ്ടാക്കാനാണ് കെ എസ് യു നിരന്തരമായി ശ്രമിക്കുന്നതെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തി.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …