Monday , March 30 2020
Breaking News

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ യുവാവ് റിമാന്റില്‍

കാഞ്ഞങ്ങാട് : തെയ്യംകാണുന്നതിനിടെ വസ്ത്രം മാറാനാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടുകാര്‍ക്കൊപ്പം പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റില്‍. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കെ വി അജിത്തി (20)നെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ ലീല അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഉത്സവ പറമ്പില്‍ വെച്ച് തലയ്ക്ക് കൈകൊണ്ട് ഇടിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തതായി മരിച്ച നവ്യ പ്രകാശിന്റെ കൂട്ടുകാരി മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പോലീസ് അജിത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഈ മാസം എട്ടിനാണ് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കാട്ടുകുളങ്ങരയിലെ നവ്യപ്രകാശിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തെ കളിയാട്ടം കാണാനെത്തിയതായിരുന്നു നവ്യ. അവിടെ വെച്ചാണ് അജിത്ത് ആള്‍ക്കാരുടെ മുന്നില്‍ വെച്ച് നവ്യയോട് അപമര്യാദയായി പെരുമാറിയതെന്ന് മൊഴിയില്‍ പറയുന്നു. ഇതിനു ശേഷം വസ്ത്രം മാറി വരാമെന്ന് പറഞ്ഞാണ് നവ്യകൂട്ടുകാരിക്കൊപ്പം വീട്ടിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് നവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്നു എഴുതിയിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായായണ് കൂട്ടുകാരിയില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തതും ആത്മഹത്യാ പ്രേരണ കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്തത്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …