Wednesday , August 5 2020
Breaking News

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി.
മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് നിയമസഭ ചൊവ്വാഴ്ച പാസാക്കിയതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണിതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി. എംഎല്‍എ ഒ.രാജഗോപാല്‍ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍ മത-രാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ
നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഇതിനിടെ പട്ടികജാതി-പട്ടിക വര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം സഭ പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥ പലതട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭയില്‍ പ്രമേയം പാസാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമവിരുദ്ധമാണെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു.

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …