Thursday , February 20 2020
Breaking News

ഭരണഭാഷാ വാരാഘോഷത്തിന് സമാപനം : കാസര്‍കോടിന്റെ പ്രതിഭകളെ ആദരിച്ചു

കാസര്‍കോട് : ജില്ലയില്‍ വിപുലമായ പരിപാടികളോടെ ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളദിനംഭരണഭാഷാ വാരാഘോഷം സമാപിച്ചു. വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജില്ലയിലെ കന്നട, മലയാളം എഴുത്തുകാരെയും കലാകാരന്മാരെയും ആദരിച്ചു. ശാസ്ത്രത്തെ ജനകീയനാക്കിയ പി പി കെ പൊതുവാളിനെയും യക്ഷഗാന മേഖലയിലെ ഗവേഷണ പ്രവര്‍ത്തനത്തിനും കന്നടസാഹിത്യ ഗവേഷണ പ്രവര്‍ത്തനത്തിനും സമഗ്ര സംഭാവന നല്‍കിയ ഡോ. യു ശങ്കരനാരായണ ഭട്ടിനെയും ചിത്രകലയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ അമ്മാളുവമ്മയെയും ശാസ്ത്രീയ നൃത്തത്തില്‍ സമഗ്ര സംഭാവന നല്‍കിയ ശശികലടീച്ചറെയും ആണ് ആദരിച്ചത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കലാസാഹിത്യ പ്രതിഭകളെ മെമന്റോയും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ എല്‍ അനന്തപത്മനാഭ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ച് മേഖലയിലെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാനവികതയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാപരമായ തീവ്രവാദം സമഗ്രാധിപത്യത്തിന്റെ ഉപകരണമാണെന്നും ഏകഭാഷ മൗലികവാദം സമഗ്രവികസനത്തിന് വിഘാതം സൃഷ്ടിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ പെരിയ കേന്ദ്രസര്‍വ്വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ആര്‍ ചന്ദ്രബോസ് പറഞ്ഞു. അപരവല്‍ക്കരണത്തെ നിരാകരിച്ച് വ്യത്യസ്ത ഭാഷകളെ സുന്ദരമായി ഇണക്കിച്ചേര്‍ക്കുന്ന ജില്ലയിലെ സാമൂഹിക ജീവതങ്ങളെ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ നിരവധി സൂക്ഷ്മ പ്രപഞ്ചങ്ങളെ ദര്‍ശിക്കാമെന്നും അനുരഞ്ജനത്തിന്റെ പാതയില്‍ കാലങ്ങളായി സഹവര്‍ത്തിച്ച് വരുന്ന മേഖലയിലെ സാംസ്‌കാരിക ധാരകളെ കുറിച്ച് നരവംശ പഠനങ്ങള്‍ക്ക് വലിയ സാധ്യതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ മലയാള, കന്നഡ ഭാഷാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനം വിതരണം ചെയ്തു.

കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ. രാജീവന്‍ കരിവെള്ളൂര്‍, കന്നട വിഭാഗം മേധാവി ഡോ. രത്‌നാകരമല്ലമൂലെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി റഷീദ്ബാബു, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ വേണുഗോപാല എന്നിവര്‍ ആദരവ് ഏറ്റുവാങ്ങുന്നവരെ പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കോളേജ് മലയാള വിഭാഗം മേധാവി പി ഉണ്ണികൃഷ്ണന്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിനിമാ ഓപറേറ്റര്‍ ടി കെ കൃഷ്ണന്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മലയാളം വിഭാഗം മേധാവി പി ഉണ്ണികൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …