Saturday , July 4 2020
Breaking News

മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് : ഫയലില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് ആശ്വാസമായി കളക്ടറുടെ പരാതി പരിഹാര അദാലത്ത്; 244 അപേക്ഷകള്‍ പരിഗണിച്ചു

മഞ്ചേശ്വരം : നിയമസാങ്കേതികത്വങ്ങളുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ പരാതി പരിഹാര അദാലത്ത് നടത്തി. കൈവശ ഭൂമിക്ക് പട്ടയത്തിനുള്ള അപേക്ഷ, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ, ഭവന നിര്‍മ്മാണത്തിന് ധനസഹായത്തിനുള്ള അപേക്ഷ, ബാങ്ക് വായ്പ എഴുതി തള്ളാനുള്ള അപേക്ഷ തുടങ്ങിയ പരാതികളാണ് കളക്ടര്‍ പരിഗണിച്ചത്. റവന്യൂ വിഭാഗത്തില്‍ 71 പരാതികളും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ ഏഴ് പരാതിയും ലീഡ് ബാങ്കില്‍ മൂന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ ഫണ്ടില്‍ രണ്ടും ജില്ലാ പഞ്ചായത്ത്, പൊതമരാമത്ത് വകുപ്പ്, കെഎസ്ഇബി എന്നിവയില്‍ ഒന്ന് വീതം പരാതികളുമടക്കം 86 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇത് കൂടാതെ പുതുതായി എത്തിയ 158 പരാതികളും അദാലത്തില്‍ തത്സമയം പരിഗണിച്ചു.

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും പിന്നീട് ഭര്‍ത്താവ് മരണപ്പെടുകയും ചെയ്ത വിധവയ്ക്ക് വായ്പാ ഇളവ് നല്‍കാന്‍ ബാങ്ക് അധികൃതരോട് കളക്ടര്‍ നിര്‍ദേശിച്ചു. 1980ല്‍ ബായാര്‍ വില്ലേജില്‍ ലഭിച്ച മിച്ചഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴു കുടുംബങ്ങള്‍ അദാലത്തിലെത്തി. വര്‍ഷങ്ങളായി കൃത്യമായി ഭൂനികുതിയടച്ചു വരുന്ന ഇവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പൈവളികെയില്‍ കൃഷി ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ അനുമിത തേടി അഹമ്മദ് കുഞ്ഞി അപേക്ഷ നല്‍കി. നാല്‍പ്പത് വര്‍ഷം മുമ്പ് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ നിലവില്‍ മരങ്ങളാണുള്ളതെന്നും വീട് നിര്‍മിക്കാന്‍ മറ്റു നിര്‍വാഹമില്ലെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. തുടര്‍ നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പത്ത് വര്‍ഷമായി പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയിരുന്ന ഉദ്യാവറിലെ ആയിഷത്ത് താഹിറക്ക് പത്ത് ദിവസത്തിനകം പട്ടയം നല്‍കാന്‍ തീരുമാനമായി. കൃഷി ആവശ്യത്തിന് വൈദ്യുതി നല്‍കണമെന്ന ഷേണി വില്ലേജിലെ മണിയുടെ അപേക്ഷയില്‍ തുടര്‍നടപടികള്‍ക്കായി പുത്തിഗെ, എന്‍മകജെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത ദിവസം തന്നെ മണിയുടെ വീട് സന്ദര്‍ശിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തിയ അദാലത്തില്‍ എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ കെ രവികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി ആര്‍ രാധിക, അഹമ്മദ് കബീര്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജെ ആന്റോ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും
ജില്ലയിലെ നാല് താലൂക്കുകളിലും സംഘടിപ്പിച്ച അദാലത്തിലൂടെ ഫലപ്രദമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ സാധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. അദാലത്തുകളില്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിയ പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കും. ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും വിജയമായ അദാലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ റവന്യു വകുപ്പ് ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും കളക്ടര്‍ അഭിനന്ദിച്ചു.

കണ്ണീരുമായി വന്ന് പുഞ്ചിരിയോടെ മടങ്ങി
അത്യുത്തര താലൂക്കായ മഞ്ചേശ്വരത്തെ നൂറുകണക്കിന് സാധാരണക്കാരുടെ പരാതികള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടറുടെ താലൂക്ക്തല പരാതി പരിഹാര അദാലത്ത്. ഭാഷാ ന്യൂനപക്ഷ മേഖലയിലെ പ്രാദേശികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പ്രതിഫലിക്കുന്നതായിരുന്നു പരാതികളിലേറെയും. പരിഹരിക്കാന്‍ സാധിക്കുന്നവയിലെല്ലാം ഉടനടി തീര്‍പ്പു കല്പിക്കുന്നതിന് കളക്ടര്‍ ഉച്ചയൂണ് ഉപേക്ഷിച്ച് നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളില്‍ പതിറ്റാണ്ടുകളായി പരിഹരിക്കാത്ത പരാതികളില്‍ ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ ആശ്വാസമായി. ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ കണ്ണീരോടെ വന്നവര്‍ പുഞ്ചിരിയോടെയാണ് മടങ്ങിപ്പോയത്.

പെര്‍മുദെയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് പട്ടയം
കയ്യാര്‍ വില്ലേജിലെ പെര്‍മുദയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ തഹസില്‍ദാറിനോട് നിര്‍ദേശിച്ചു. ഇതില്‍ ഒരു പരാതിക്കാരന്‍ എം മുഹമ്മദ് 40 വര്‍ഷത്തോളമായി ഒമ്പത് പേരടങ്ങുന്ന കുടുംബവുമായി ഈ സ്ഥലത്ത് താമസിച്ചു വരുകയാണ്. 30 സെന്റ് സ്ഥലത്ത് തെങ്ങ്, വാഴ, കമുക് തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയായും പട്ടയം ലഭിച്ചിരുന്നില്ല. പട്ടയമില്ലാത്തതിനാല്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഈ അഞ്ചുകുടുംബങ്ങള്‍ക്കും കിട്ടിയിരുന്നില്ല. അദാലത്തിലൂടെ ശാശ്വതമായ പരിഹാരമാണ് ഈ കുടുംബങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഗോവിന്ദപൈ കോളേജ്: ദേശീയപാതയില്‍ സീബ്രാലൈന്‍
ഗോവിന്ദപൈ സ്മാരക സര്‍ക്കാര്‍ കോളേജിന് സമീപത്തെ ദേശീയ പാതയില്‍ സീബ്രാ ലൈന്‍ വേണമെന്ന ആവശ്യവുമായി കോളേജ് പ്രതിനിധികളെത്തി. കോളേജിലെയും സമീപ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ദേശീയ പാത മുറിച്ചു കടക്കുമ്പോള്‍ അപകടങ്ങള്‍ പതിവാവുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം അഞ്ച് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ രാജ് പരാതിയില്‍ പറഞ്ഞു. ഉടന്‍ തന്നെ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കളക്ടറെ അറിയിച്ചു.

റോഡില്‍ കൈയേറ്റം; ആവശ്യമെങ്കില്‍ കെഎല്‍സി നിയമപ്രകാരം
നടപടി

പൈവളികെ പഞ്ചായത്തില്‍ രണ്ട് കിലോമീറ്ററോളം വരുന്ന അംബിക്കാന റോഡില്‍ സ്വകാര്യ വ്യക്തി തടസ്സവാദം ഉന്നയിക്കുന്നതിനാല്‍ പ്രദേശവാസികള്‍ വഴിതടസ്സം നേരിടുന്നതായി പരാതി നല്‍കി. 2004 മുതല്‍ ഈ റോഡ് പഞ്ചായത്ത് റോഡാണ്. പതിനെട്ടോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന റോഡില്‍ 75 മീറ്ററിലാണ് തടസ്സമുന്നയിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡിന് അനുവദിച്ച് ഫണ്ട് നഷ്ടപ്പെട്ടതായും ഇതിന് പഞ്ചായത്ത് സെക്രട്ടറി കൂട്ട് നില്‍ക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ തുടര്‍ പരിശോധന നടത്തി ഉടന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കേരള ലാന്റ് കണ്‍സര്‍വന്‍സി നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …