Wednesday , August 12 2020
Breaking News

മടിക്കൈ കീക്കാംകോട്ട് 1050 വാഴത്തൈകള്‍ വെട്ടിനശിപ്പിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ കീക്കാംകോട്ട് പന്നിപ്പള്ളിവയലില്‍ പുരുഷസംഘം യുവാക്കള്‍ നടത്തിയ രണ്ടേക്കറിലെ നേന്ത്രവാഴകൃഷി വെട്ടിനശിപ്പിച്ചു. മൂന്നുമാസത്തിലധികം പ്രായമായ 1050 വാഴത്തൈകളാണ് സമൂഹദ്രോഹികള്‍ നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

അടുത്തിടെയുണ്ടായ കനത്തമഴയിലും വെള്ളക്കെട്ടിലും അതിജീവിച്ച വാഴകളാണ് പകയുടെ കത്തിക്കിരയായത്. പിഴുതെടുത്ത വാഴെത്തെകള്‍ തുണ്ടംതുണ്ടമായി ഒന്നുപോലും ഒഴിയാതെവെട്ടിനുറുക്കിയനിലയിലാണ്. കീക്കാംകോട്ട് ഗ്രാമീണ പുരുഷ സ്വയംസഹായക സംഘം തരിശുരഹിതകൃഷി പദ്ധതിയിലാണ് രണ്ടുവര്‍ഷമായി കൃഷിയിറക്കാതെ കിടന്നിരുന്ന തിടില്‍വയലില്‍ മൂന്നുമാസംമുന്‍പ് പാട്ടക്കൃഷിയായി നേന്ത്രവാഴകൃഷിയിറക്കിയത്. വയറിങ്, ഡ്രൈവര്‍, തെങ്ങുകയറ്റത്തൊഴിലാളി തുടങ്ങി വിവിധ തൊഴിലെടുത്തുവരുന്ന ഏഴ് യുവാക്കളാണ് സംഘത്തിന്റെ പേരില്‍ കൃഷിയുമായി മുന്നിറങ്ങിയത്.

മുന്‍കാലങ്ങളില്‍ പാട്ടകൃഷിയായി കിഴങ്ങുകൃഷിയും പച്ചക്കറികൃഷിയും നടത്തിയുള്ള പരിചയസമ്പത്താണ് സംഘക്കാരെ മറ്റ് കര്‍ഷകര്‍ക്കൊപ്പം പന്നിപ്പള്ളിവയലില്‍ നേന്ത്രവാഴകൃഷി നടത്താന്‍ പ്രേരിപ്പിച്ചത്. സ്വന്തമായുള്ള അധ്വാനത്തിനുപുറമെ കാട് വെട്ടിത്തെളിക്കാനും വാഴക്കന്നിനും നടീലിനുമായി ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചതായി സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. മഴമാറി തിരിയെടുത്തുവരുന്ന വാഴത്തൈക്കളെ ഏറെ പ്രതീക്ഷയോടെയാണ് യുവകര്‍ഷകര്‍ കണ്ടിരുന്നത്.

കീക്കാംകോട്ട് നൂഞ്ഞി സ്വദേശികളായ എ.വി.രവീന്ദ്രന്‍, ടി.വി.ഗംഗാധരന്‍, കെ.ടി.ദിനേശന്‍, പി.പി.ഗോപാലന്‍, എ.വി.സന്തോഷ്, എം.വി.രവീന്ദ്രന്‍, സതീശന്‍ കരിന്തടം എന്നിവരാണ് പുരുഷസംഘത്തിലെ അംഗങ്ങള്‍. കര്‍ഷകരായ സംഘം പ്രവര്‍ത്തകര്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പരാതിയില്‍ കേസെടുത്തതായും വിശദമായ അന്വേഷണം നടന്നുവരുന്നതായും നീലേശ്വരം എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …