Saturday , April 4 2020
Breaking News

മനം കുളിരണിയിച്ച് യുഎഇ കാഞ്ഞങ്ങാടന്‍ സംഗമം

അബുദാബി : മനം കുളിരും സൗഹൃദം സ്‌നേഹം വിരിയും സംഗമം’ എന്ന ശീര്‍ഷകത്തില്‍ അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നടത്തിയ രണ്ടാമത് കാഞ്ഞങ്ങാടന്‍ സംഗമം വൈവിധ്യങ്ങള്‍ കൊണ്ടും, ആയിരക്കണക്കിന് കാഞ്ഞങ്ങാട്ടുകാരുടെ സാന്നിദ്യം കൊണ്ടും വ്യത്യസ്തമായി.
രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമത്തിന്റെ ഔദ്യോഗിക ഉത്ഘാടന സെഷനില്‍ സുബൈര്‍ കെകെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എംപി ജാഫര്‍ ഉല്‍ഘാടനം ചെയ്തു. റിയാസ് ഇട്ടമ്മല്‍ സ്വാഗതവും എംഎം നാസര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ പ്രാദേശിക കലാ പരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി. സംഗമത്തിനായി നാട്ടില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംപി, ജാഫര്‍, അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് സിഎച് സെന്റര്‍ കണ്‍വീനര്‍ എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാര്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ മുസ്തഫ തായന്നൂര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി എസിഎ ലത്തീഫ്, കുവൈറ്റ് കെഎംസിസി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത് എന്നിവര്‍ കാഞ്ഞങ്ങാടന്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സൈഫ് ലൈന്‍ ഇലക്ട്രിക്കല്‍ കമ്പനിയാണ് കാഞ്ഞങ്ങാടന്‍ സംഗമത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍.
കാഞ്ഞങ്ങാട്ടുകാരായ പ്രവാസികള്‍ക്ക് തമ്മില്‍ കാണാനും, സുഖദുഃഖങ്ങള്‍ പങ്കു വെക്കാനും, സൗഹൃദങ്ങള്‍ പുതുക്കാനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഉള്ള അവസരങ്ങള്‍ ഒരുക്കുക എന്ന ഉന്നതമായ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് കെഎംസിസി രണ്ടാമതും സംഗമം ഒരുക്കിയത്.
പ്രാദേശിക ട്രഡീഷണല്‍ കലാ കായിക മത്സരങ്ങാളായ ടയര്‍ ഉരുട്ടല്‍, മ്യുസിക് ചെയര്‍, ഫുട്‌ബോള്‍ ഷൂട്ട് ഔട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, സംഘഗാനം, പുതിയാപ്പിളയെ അറയില്‍ കയറ്റല്‍, കൈകൊട്ടി പാട്ട്, സൂചിയേര്‍, ആര്‍പ്പുവിളികളുടെ ആവേശത്തോടെ 12 ടീമുകള്‍ പങ്കെടുത്ത കമ്പ വലി മത്സരം അടക്കമുള്ള മത്സരങ്ങളും സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍, താരാട്ട് പാട്ട്, പാചകക്കുറിപ്പ്, മ്യുസിക് ചെയര്‍ എന്നീ മത്സരങ്ങളും, കുട്ടികള്‍ക്ക് ചിത്ര രചന, ഖുര്‍ആന്‍ പാരായണം, റുബിക്ക് ക്യുബ്, പസ്സില്‍സ്, ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് എന്നീ മല്‍സരങ്ങളും നടന്നു. കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിക്ക് കീഴിലുള്ള കാഞ്ഞങ്ങാട് മുന്‍സിപ്പല്‍, അജാനൂര്‍ പഞ്ചായത്ത്, പരപ്പ മേഖല, കള്ളാര്‍ മേഖല, മണ്ഡലം വനിതാ കെഎംസിസി എന്നിവരുടെ നേതൃത്വത്തില്‍ രുചിയൂറും നാടന്‍ അപ്പത്തരങ്ങളായ ഇടിയപ്പം, നെയ്പത്തിരി, അരി പത്തിരി, ചപ്പാത്തി, ഉണ്ണിയപ്പം, നെയ്യപ്പം, കായിലപ്പം, മുട്ടയപ്പം, ബീഫ് റോള്, മുട്ട മാല, മട്ടന്‍ കുറുമ, ചിക്കന്‍ സ്പൈസി, ചെമ്മീന്‍ പൊല്‌സ് ചാപ്‌സ് എന്നിവയുടെ സ്റ്റാളും, നാട്ടില്‍ നേരിട്ടെത്തിച്ച ഉപ്പിലിട്ട നെല്ലിക്ക, ചാമ്പങ്ങ, കേരറ്റ്, ബീറ്റ്‌റൂട്ട്, മാങ്ങ, പൈനാപ്പിള്‍ വിഭവങ്ങള്‍ അവില്‍ മില്‍ക്ക്, ബത്തക്ക സര്‍വത്ത് എന്നിവയുടെ സ്റ്റാളും ഫ്രഷ് യുഎഇ ഈത്തപ്പഴത്തിന്റെ സ്റ്റാളും, ഓര്‍മ്മയുടെ പുസ്തകത്താളുകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാന്‍ തേന്‍ ഉണ്ടയും, തേന്‍ ചക്കിളിയും, ഓടയും, മൈസൂര്‍ പാക്കും, നാരങ്ങ മിട്ടായിയും, പുളി മിട്ടായിയും, പാല്‍ മിട്ടായിയും അടങ്ങിയ സ്റ്റാളും, വിവിധ തരം ചായകള്‍, കപ്പയും, മത്തിയും, ബീഫും, പുട്ടും, അപ്പവും, മുട്ടക്കറിയും, പക്കു വടയും, ഉരുളിവടയും, സമൂസയും അടങ്ങിയ സ്റ്റാളും വിവിധ തരം തട്ടങ്ങളുടെ സ്റ്റാളും ഒക്കെയായി കാഞ്ഞങ്ങാട് ടൗണിനെ അബൂദാബിയില്‍ പറിച്ച് നട്ട പ്രതീതി സൃഷ്ടിക്കാന്‍ തെങ്ങും, ഈന്തപ്പനയോല കൊണ്ടുള്ള കവാടങ്ങളും, ചെടികളും, കെഎസ്ആര്‍ടിസി ബസ്സിന്റെയും, ഓട്ടോ റിക്ഷയുടെയും, ലോറിയുടെയും, ടിപ്പറിന്റെയും മാതൃകകള്‍ മരത്തില്‍ കൊത്തി ഉണ്ടാക്കി വെച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക് സെന്ററിന്റെ അംഗണം കാഞ്ഞങ്ങാട് പട്ടണമായി മാറിയിരുന്നു.
സംഗമത്തിന് എത്തിയ കാഞ്ഞങ്ങാട്ടുകാരായ പ്രവാസികള്‍ക്ക് അവരുടെ പേരുകള്‍ അറബിക് കാലിഗ്രാഫിയില്‍ ഏറ്റവും ഭംഗിയായി പെട്ടെന്ന് എഴുതി നല്‍കി കൊണ്ട് കാഞ്ഞങ്ങാടിന്റെ കലാകാരന്‍ ഹസി കാഞ്ഞങ്ങാടും സജീവമായി.
സമാപന സെഷനില്‍ പ്രഫണല്‍ ടീമുകളായ മെഹ്ഫില്‍ അബൂദാബിയുടെയും, ഹസനിയ്യ ദഫ് സംഘത്തിന്റെയും ദഫ് മുട്ട് പ്രദര്‍ശനവും, പെണ്‍കുട്ടികളുടെ ഒപ്പന പ്രദര്‍ശനവും, അബൂദാബി ഇശല്‍ ബാന്‍ഡിന്റെ കൈകൊട്ടി പാട്ട് പ്രദര്‍ശനവും സംഗമത്തിന് കൊഴുപ്പേകി.
സമാപന സമ്മേളനത്തില്‍ പികെ അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആക്ടിങ് പ്രസിഡണ്ട് അഡ്വക്കറ്റ് കെവി മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, എംപി ജാഫര്‍, എ ഹമീദ് ഹാജി, മുസ്തഫ തായന്നൂര്‍, എസിഎ ലത്തീഫ്, ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാര്‍, അബ്ദുള്ള ആറങ്ങാടി, അസ്ലം സിഎച് ബാവാ നഗര്‍, അബ്ദുറഹ്മാന്‍ പൊവ്വല്‍, സിബി കരീം, ടികെ സലാം, എംപിഎം റഷീദ്, ആലം, ഇടിഎം സുനീര്‍, മജീദ് അണ്ണാന്‍തൊടി, ഹനീഫ് പടിഞ്ഞാര്‍ മൂല, ചേക്കു അബ്ദുറഹ്മാന്‍, എംഎം നാസര്‍, ഷാഫി സിയാറത്തിങ്കര, കാഞ്ഞങ്ങാട്, സിഎച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, ഹനീഫ ബാവ നഗര്‍, ഹംസ മുക്കൂട്, ഷാജഹാന്‍ മീനാപ്പീസ്, കെ എച് ഷംസു കല്ലൂരാവി, നാസര്‍ തായല്‍, മുനീര്‍ പാലായി, നാസര്‍ ഫ്രൂട്ട്, യുവി ഷബീര്‍, റാഷിദ് എടത്തോട്, മഹ്മൂദ് കല്ലൂരാവി, ഇസ്ഹാക്ക് ചിത്താരി, ഹനീഫ കള്ളാര്‍, ആസിഫ്, സ്വാദിഖുല്‍ അമീന്‍, അബ്ദുറഹ്മാന്‍ പുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സുബൈര്‍ കെകെ സ്വാഗതവും റിയാസ് ഇട്ടമ്മല്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

സൗദിയില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തുന്നു

റിയാദ്: സൗദി അറേബ്യ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍ …