Saturday , August 8 2020
Breaking News

മുല്ലച്ചേരിപ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നു : ജനുവരിയില്‍ തുറക്കും

പൊയിനാച്ചി: ദേശീയപാതയെയും കെ.എസ്.ടി.പി. റോഡിനെയും ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗമായ മയിലാട്ടി-ഉദുമ പി.ഡബ്ല്യു.ഡി. റോഡിലെ മുല്ലച്ചേരിപ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നു. സമീപനറോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായാല്‍ ജനുവരി പകുതിയോടെ പുതിയ പാലം പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. നാട്ടുകാരുടെ രണ്ടുവര്‍ഷത്തെ ദുരിതവും കാത്തിരിപ്പുമാണ് ഇതോടെ അവസാനിക്കുന്നത്. നബാര്‍ഡിന്റെ മൂന്നുകോടി രൂപ ചെലവിലാണ് പാലം പുതുക്കിനിര്‍മിച്ചത്. 2017 നവംബര്‍ 24-നാണ് നിര്‍മാണം തുടങ്ങിയത്. ബി.ആര്‍.ഡി.സി. പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള മുല്ലച്ചേരിപ്പാലം ഇടുങ്ങിയതായത് പോരായ്മയായിരുന്നു. ഭാരമേറിയ വാഹനങ്ങള്‍ പോകുന്ന പാലത്തിന്റെ ബലക്ഷയം ഭീഷണിയായതോടെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ നിരന്തര ഇടപെടലിലാണ് നബാര്‍ഡ് സഹായം ലഭ്യമായത്.

ഇരുഭാഗത്തും നടപ്പാതയടക്കം 11 മീറ്റര്‍ വീതിയിലും 22 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം. കിഴക്കുഭാഗത്തെ കയറ്റം ലഘൂകരിക്കാന്‍ നിലവിലുണ്ടായിരുന്ന പാലത്തെക്കാള്‍ വളരെ ഉയര്‍ന്നാണ് പുതിയ പാലം നിര്‍മിക്കേണ്ടിവന്നത്. പ്രദേശവാസികള്‍ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി. 210 മീറ്റര്‍ നീളത്തിലാണ് പാലത്തിന്റെ സമീപന റോഡ് പുതുതായി നിര്‍മിച്ചത്. ഇത് മണ്ണിട്ട് ഉറപ്പിക്കല്‍ പൂര്‍ത്തിയായി. ഇടയ്ക്ക് മഴ വന്നതിനാലാണ് ടാറിടല്‍ നീട്ടിവെച്ചത്. ഡിസംബര്‍ അവസാനത്തോടെ ടാറിടല്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍അറിയിച്ചു. ഇതോടെ പാലത്തിന്റെ മിനുക്കുപണികള്‍ തുടങ്ങും.ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇപ്പോള്‍ പാലം വഴി ഭാഗികമായി പോകുന്നുണ്ട്.

ടാറിടല്‍ തുടങ്ങുമ്പോള്‍ റോഡ് അടച്ചിടും. നവംബറില്‍ പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഡിസംബര്‍വരെ കാലാവധി ഇപ്പോള്‍ നീട്ടിനല്‍കിയിട്ടുണ്ട്. എസ്റ്റിമേറ്റിനെക്കാള്‍ 22 ശതമാനം താഴ്ന്നനിരക്കിലാണ് കരാറുകാരന്‍ പണി ഏറ്റെടുത്തിരുന്നത്. പഴയ പാലത്തിന്റെ അടിഭാഗത്തുകൂടെ പോയിരുന്ന ജലവിതരണ പൈപ്പ്ലൈന്‍ മാറ്റാന്‍ വൈകിയതിനാല്‍ പൈലിങ് തടസ്സപ്പെട്ടത് തുടക്കത്തില്‍ പണി വൈകിപ്പിച്ചിരുന്നു. പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പുതുക്കിയ അടങ്കല്‍ തുക തയ്യാറാക്കി സമര്‍പ്പിച്ചതിന് അനുമതി .വൈകിയത് അവസാനഘട്ടത്തില്‍ മാസങ്ങളോളം നിര്‍മാണം ഇഴയാന്‍ കാരണമായി.

മയിലാട്ടി ഭാഗത്തേക്ക് 75 മീറ്ററും ഉദുമ ഭാഗത്തേക്ക് 55 മീറ്ററും ദൂരമാണ് പാര്‍ശ്വഭിത്തികെട്ടി മണ്ണിട്ട് ഉയര്‍ത്തേണ്ടിവന്നത്. പാലംപണി നടക്കുന്നതിനാല്‍ മയിലാട്ടി, ചൗക്കി, ഞെക്ലി, നെല്ലിയടുക്കം, എരോല്‍ ഭാഗങ്ങളിലുള്ളവര്‍ കിലോമീറ്ററുകളോളം അധികം യാത്രചെയ്താണ് ഉദുമഭാഗത്തേക്ക് പോകുന്നത്. ഇതുവഴി ഓടിയിരുന്ന ബസ്സുകള്‍ മുല്ലച്ചേരിയില്‍നിന്ന് വെടിക്കുന്ന്-ബാര വഴി മയിലാട്ടിയിലേക്ക് വഴിതിരിച്ചുവിട്ടിട്ട് രണ്ടുവര്‍ഷമായി.

പാലത്തിന്റെ കിഴക്കുഭാഗത്തുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികളടക്കം ഇതുകാരണം കിലോമീറ്ററുകളോളം നടന്നാണ് എന്നും യാത്ര. ഗതാഗതം നിരോധിച്ചതിനാല്‍ വാഹനയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ ഈ പ്രദേശങ്ങള്‍ പ്രതീക്ഷയോടെ പാലം തുറക്കുന്നതും കാത്തിരിക്കുകയാണിപ്പോള്‍.

RANDOM NEWS

ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞ് വീണു ; 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഉപ്പള : ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. പതിനഞ്ചോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദിഖ്, …