Thursday , December 12 2019
Breaking News

രണ്ടാമിന്നിങ്‌സിലും കാലിടറി ബംഗ്ലാദേശ്; ഇന്ത്യയേക്കാള്‍ 89 റണ്‍സ് പിറകില്‍

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ബംഗ്ലാദേശിന് ദയനീയമായ ബാറ്റിങ് തകര്‍ച്ച. മൊത്തം പന്ത്രണ്ട് വിക്കറ്റുകള്‍
വീണ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തുനില്‍ക്കുകയാണ് സന്ദര്‍ശകര്‍. മൂന്നു ദിവസം കളി ശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനേക്കാള്‍ 89 റണ്‍സ് പിറകിലാണ് ബംഗ്ലാദേശ് ഇപ്പോഴും. ഒന്നാമിന്നിങ്‌സില്‍ 106 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരേ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്ത്
ഒന്നാമിന്നിങ്‌സ് സ്‌കോര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനെതിരേ 241 റണ്‍സിന്റെ ലീഡോടെയാണ് അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.

പതിമൂന്ന് റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനെ ഒരുപരിധി വരെ കരകയറ്റിയത് 59 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന മുഷ്ഫിഫുര്‍ റഹീമും 39 റണ്‍സെടുത്തശേഷം പരിക്കേറ്റ് പിന്‍വാങ്ങേണ്ടിവന്ന മഹ്മദുള്ളയുമാണ്. ശദ്മാന്‍ ഇസ്ലാം (0), ഇമറുല്‍ കയ്‌സ് (5), മൊമിനുല്‍ ഹഖ് (0), മൊഹമ്മദ് മിഥുന്‍ (6), മെഹിദി ഹസന്‍ മിറസ് (15),തൈജുല്‍ ഇസ്ലാം (11) എന്നിരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. ഒന്‍പത് ഓവറില്‍ 39 റണ്‍സിന് നാലു വിക്കറ്റ് പിഴുത ഇശാന്ത് ശര്‍മയാണ് ബംഗ്ലാ ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 89.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്താണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 90ാം ഓവറിലെ നാലാമത്തെ പന്തിനുശേഷം കോലി ക്രീസിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെയും മുഹമ്മദ് ഷമിയെയും തിരിച്ചുവിളിക്കുകയായിരുന്നു. തുടക്കത്തില്‍ ഒന്ന് പതറിപ്പോയ ഇന്ത്യയെ പിന്നീട് സെഞ്ച്വറിയോടെ ക്യാപ്റ്റന്‍
കോലിയും അര്‍ധസെഞ്ച്വറികള്‍ കൊണ്ട് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും കരകയറ്റിയെങ്കിലും വാലറ്റത്ത് വീണ്ടും കാലിടറി. അവസാന മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യ. ആര്‍. അശ്വിന്‍ (9), ഉമേഷ് യാദവ് (0) ഇശാന്ത് ശര്‍മ (0) എന്നിവരാണ് തൊട്ടടുത്ത ഓവറുകളില്‍ പുറത്തായത്. ഇന്നിങ്‌സ് ഡിക്ലയര്‍
ചെയ്യുമ്പോള്‍ സാഹ 17 ഉം ഷമി 10 ഉം റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. 194 പന്തില്‍ നിന്ന് 136 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോലിയുടെ ടെസ്റ്റ് കരിയറിലെ 27ാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടാംദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 99 റണ്‍സ് ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. പിന്നീട് രവീന്ദ്ര ജഡേജയെ (12) നിലയുറപ്പിക്കും മുമ്പ് അബു ജയെദ് തിരിച്ചയച്ചയച്ചു.
ആറാമനായി കോലിയും ക്രീസ് വിട്ടു. പിന്നീടാണ് അഞ്ചോവറിനുശേഷം വിക്കറ്റുകളുടെ കൂട്ടവീഴ്ചയുണ്ടായത്. നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോലി ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായി. വ്യക്തിഗത സ്‌കോര്‍ 32ല്‍ എത്തിയപ്പോള്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ
നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. നേരത്തെ ഇന്ത്യയിലെ ആദ്യ ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു.

RANDOM NEWS

ഇത്തരത്തിലാണ് ഞങ്ങളുടെ കളിയെങ്കില്‍ അത് കോലിക്കും സെലക്ടര്‍മാര്‍ക്കും തലവേദനയാകും – രോഹിത്

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും …