Sunday , June 16 2019
Breaking News
Exhibition

രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പരിണാമ ചരിത്രം വിളമ്പി നിയമസഭാ മ്യൂസിയം പ്രദര്‍ശനം

മഞ്ചേശ്വരം : നിരവധി സമരപോരാട്ടങ്ങളിലൂടെ കേരളീയ സമൂഹം വികസിപ്പിച്ചെടുത്ത ജനാധിപത്യ വ്യവസ്ഥയുടെ വിവിധ ഘട്ടങ്ങളെ വരച്ചു കാട്ടുന്ന നിയമസഭാ മ്യൂസിയം പ്രദര്‍ശനം ചരിത്ര കൗതുകമുണര്‍ത്തുന്നു. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മലയാളക്കരയുടെ പരിണാമ പ്രക്രിയകളെ വിശദമാക്കുന്ന ദ്വിദിന പ്രദര്‍ശനത്തിന് മഞ്ചേശ്വരം എസ്.എ.ടി. സ്‌കൂളില്‍ തുടക്കമായി. കേരള നിയമസഭാ മ്യൂസിയം വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സഹകരണത്തോടെയാണ് നിയമസഭാ മ്യൂസിയം പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ജനാധിപത്യം പുലരും മുമ്പുള്ള ഭരണവ്യവസ്ഥയെ കുറിച്ച് വ്യക്തമായ ചിത്രമാണ് പ്രദര്‍ശനത്തലൂടെ ലഭിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ നെടുംതൂണായി വര്‍ത്തിക്കുന്ന നിയമസഭ കടന്നു വന്ന വിവിധ ചരിത്രഘട്ടങ്ങള്‍ ഉള്ളടക്കം ചെയ്തിട്ടുള്ള പ്രദര്‍ശനം നമ്മുടെ ഇന്നലകളിലേക്ക് വെളിച്ചം വീശുന്നു. തിരുവിതാംകൂര്‍ ഭരണത്തിലെ ‘വല്യകാര്യക്കാരില്‍’ നിന്നും ജനാധിപത്യവ്യവസ്ഥയിലെ മന്ത്രിമാരിലേക്കുള്ള മാറ്റവും അധികാരം ജനങ്ങളിലേക്കെത്തിയ വിപ്ലവ സ്മരണകളും പ്രദര്‍ശനം കൈമാറുന്നു. ജനാധിപത്യകേരളത്തിന്റെ പൈതൃകസ്മൃതികള്‍ സൂക്ഷിക്കുന്ന അപൂര്‍വ്വ കലവറയാണ് നിയമസഭാ മ്യൂസിയം. 2006ല്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട നിയമസഭാ സുവര്‍ണ്ണ ജൂബിലി മ്യൂസിയത്തില്‍ കേരളപ്പിറവിക്കു മുമ്പും ശേഷവുമുള്ള വിവിധ നിയമനിര്‍മ്മാണ സഭകളെ കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ചും ജനപ്രതിനിധികളെയും ജനനായകരെയും കുറിച്ചുമുള്ള വിലപ്പെട്ട രേഖകളും വസ്തുക്കളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ജനാധിപത്യമൂല്യങ്ങള്‍ ജനങ്ങളിലേക്ക് പ്രത്യേകിച്ചും വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന മ്യൂസിയം ജില്ലാതല പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. നിയമനിര്‍മ്മാണ സഭകളിലെ അധ്യക്ഷന്മാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, പ്രതിപക്ഷനേതാക്കന്മാര്‍, ഗവര്‍ണര്‍മാര്‍, സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ തുടങ്ങിയ അപൂര്‍വ്വ ചിത്രങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങളും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമസഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ആഴത്തിലുള്ള വിവരണവും വിശദാംശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘നമ്മുടെ നിയമസഭ’ എന്ന ഡോക്യുമെന്ററിയും സംസ്ഥാന മന്ത്രി സഭകളെ കുറിച്ചുള്ള ‘വജ്രകേരളം’ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എസ്.എ.ടി സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. കേരള നിയമസഭ സെക്ഷന്‍ ഓഫീസര്‍ എ. വിജയന്‍ അമൃതരാജ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബഹ്‌റൈന്‍ മുഹമ്മദ്, മുഹമ്മദ് മുസ്തഫ, ജില്ലാ സാക്ഷരതാ മിഷന്‍ പ്രൊജക്റ്റ് കോഓഡിനേറ്റര്‍ ഷാജു ജോണ്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുക്താര്‍, കെ.എം.കെ അബ്ദുര്‍ റഹ്മാന്‍ ഹാജി, ഗ്രാമപഞ്ചായത്ത് അംഗം സുപ്രീയാ ഷേണായ്, ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് പ്രൊജക്റ്റ് കോഓഡിനേറ്റര്‍ ശാസ്താ പ്രസാദ്, ഗീത ടീച്ചര്‍, നോഡല്‍ പ്രേരക് ഗ്രേസി വേഗസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനാധിപത്യ മൂല്യങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നാളെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഈ മാസം 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ മുന്നോടിയായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …