Wednesday , August 12 2020
Breaking News

റമീസ് പിടിയിലായത് വഴിത്തിരിവ്; കൂടുതല്‍പേര്‍ വലയിലേക്കെന്ന് സൂചന, സ്വപ്ന കടന്നത് പെരിന്തല്‍മണ്ണ വഴിയെന്ന് സംശയം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിര്‍ണായക വഴിത്തിരിവെന്ന് സൂചന. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യ കണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.

റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്. 2014ല്‍ സ്വര്‍ണക്കടത്ത് കേസിലും മാന്‍വേട്ട കേസിലും റമീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല ഹവാല ഇടപാടുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.

കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം റമീസിലൂടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. അതിനിടെ, സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയില്‍ എത്തിയതായുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം.

ബെംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇരുവരെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തേക്കും.

RANDOM NEWS

നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ കീഴടങ്ങി

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള …