Tuesday , July 7 2020
Breaking News

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; നിയന്ത്രണം കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രം

ന്യൂഡല്‍ഹി: കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. മൂന്നു ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത്.

ഒന്നാം ഘട്ടം

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിങ് മാളുകള്‍ക്ക് എന്നിവയ്ക്ക് ജൂണ്‍ 8 മുതല്‍ പ്രവര്‍ത്തിക്കാം.പൊതുജനാരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് ഇവ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിക്കും.

രണ്ടാം ഘട്ടം

സ്‌കൂള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കും. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എന്നിവരുമായി കൂടിയാലോചിച്ച് ജൂലൈ മാസത്തോടെ ഇത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും. പ്രവര്‍ത്തനം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിക്കും.

മൂന്നാം ഘട്ടം

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍, മെട്രോ റെയില്‍, സിനിമ തീയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാര്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കും.

നൈറ്റ് കര്‍ഫ്യൂ

ജൂണ്‍ 30 വരെ രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെയുള്ള നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും. അവശ്യസര്‍വീസുകള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍/തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം.

ലോക്ക്ഡൗണ്‍ കണ്ടെയിന്‍മെന്റ് മേഖലകളില്‍ മാത്രം

കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്നോ ഉള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.
അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ എന്നിവ ഈ മേഖലയില്‍ തുടരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള ബഫര്‍ സോണുകള്‍ കണ്ടെത്തണം..ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലെ സ്ഥിതി വിശകലനം.ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.

പാസഞ്ചര്‍ ട്രെയിന്‍, ശ്രമിക് ട്രെയിന്‍, പ്രവാസികളെ തിരിച്ചെത്തക്കുന്നതിനുള്ള പ്രത്യേകദൗത്യ യാത്രകള്‍ എന്നിവ പ്രത്യേക പ്രോട്ടോക്കോള്‍ പ്രകാരം തുടരും.
അതിര്‍ത്തി കടന്നുള്ള ചരക്ക് നീക്കത്തെ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശം..
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. എല്ലാ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം.

കേന്ദ്രം പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല. മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണം. ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിയന്ത്രണം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

RANDOM NEWS

നിരോധനത്തിന് പിന്നാലെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി; വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ടിക്ടോക്

മുംബൈ: ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ടിക്ടോക്. …