Monday , May 20 2019
Breaking News
Vote

വിധിയെഴുത്തിന് സമയമായി; പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

കാസര്‍കോട് : ജനാധിപത്യത്തിന്റെ വിധി നിര്‍ണയദിനം ആഗതമായിരിക്കേ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാക്കി. ജില്ലയിലെ പോളിങ് ബൂത്തിലേക്കുള്ള സാധന സാമഗ്രികള്‍ കാസര്‍കോട് ഗവര്‍മെന്റ് കോളേജിലും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലുമാണ് വിതരണം ചെയ്തത്. കാസര്‍കോട് ഗവര്‍മെന്റ് കോളേജില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയോജക മണ്ഡലങ്ങളിലെയും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെയും ബൂത്തുകള്‍ക്കുള്ള പോളിങ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, ഇലക്ടറല്‍ റോള്‍, മഷി തുടങ്ങിയ പോളിങ് കേന്ദ്രത്തിലേക്കാവശ്യമായ എല്ലാ സാധനസാമഗ്രികളുമാണ് വിതരണം ചെയ്തത്. ജില്ലയിലെ 968 പോളിങ് ബൂത്തുകളുള്‍പ്പെടെ ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 1317 ബൂത്തുകളാണ് ഉള്ളത്. 3,872 പോളിങ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത്. ഇതിനു പുറമേ 668 റിസര്‍വ് ഉദ്യോഗസ്ഥരെയും നിശ്ചയിച്ചിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മണ്ഡലത്തിലെവിടെ നിന്നും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും (ഇഡിസി) വിതരണം ചെയ്തു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാതൃകാ പോളിങ് ബൂത്തും ഒരുക്കിയിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച വിതരണ പ്രക്രിയ ഉച്ചയോടെ പൂര്‍ത്തീകരിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിതരണ പ്രക്രിയകള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. ഡി സജിത് ബാബു, പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ് ഗണേഷ് എന്നിവര്‍ നിരീക്ഷിച്ചു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി. പോളിങ് സാമഗ്രികള്‍ വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിലേക്ക് എത്തിച്ചത്. കാസര്‍കോട് ഗവ. കോളേജില്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമിനെയും സജ്ജീകരിച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …