Saturday , August 15 2020
Breaking News

സ്വകാര്യാശുപത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹത്തോട് അനാദരവ് ; ജില്ലാ ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട് : കോവിഡ് പോസിറ്റീവായ വീട്ടമ്മയുടെ മൃതദേഹത്തോട് കാസര്‍കോട്ടെ സ്വകാര്യാശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ബന്ധുക്കളുടെ പരാതി ഗൗരവകരമായാണ് കാണുന്നതെന്നും ഡെപ്യൂട്ടി സൂപ്രണ്ടിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.

നുള്ളിപാടിയിലെ സ്വകാര്യാശുപത്രിയില്‍ മരണപ്പെടുകയും ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിക്കുകയം ചെയ്ത മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഖദീജുമ്മ (55)യെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിടക്ക വിരിയില്‍ പൊതിഞ്ഞ് സ്‌ട്രെച്ചറില്‍ കിടത്തിയെന്നാണ് പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളും പറയുന്നു. പി പി ഇ കിറ്റ് ധരിക്കാതെയാണ് മൃതദേഹം താങ്ങിയെടുത്ത് കിടത്തിയതെന്നും ആക്ഷേപമുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ഖദീജുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെ മരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃതദേഹത്തില്‍ സ്രവമെടുത്ത് ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ കോവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് ബാധ ഉറപ്പാക്കാന്‍ വേണ്ടി പി സി ആര്‍ ടെസ്റ്റ് കൂടി വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ പരിശോധനയ്ക്ക് സ്രവം എടുക്കുന്നതുവരെ അവിടെ തന്നെ കിടത്താനായിരുന്നു നിര്‍ദ്ദേശം.

ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ഇറക്കിയ മൃതദേഹം ആശുപത്രിക്ക് പുറത്ത് സ്ട്രച്ചറില്‍ കൊണ്ടുവന്ന് കിടത്തിയത് സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയാണെന്നും മൃതദേഹത്തിനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്നും പറയുന്നു. കിടക്ക വിരിയില്‍ പൊതിഞ്ഞാണ് ഏറെ നേരം മൃതദേഹം ആശുപത്രിക്ക് താഴെ കിടത്തിയത്. പിന്നീട് പി പി ഇ കിറ്റ് ധരിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവറാണ് മൃതദേഹം പ്ലാസ്‌ക് കവറില്‍ പൊതിഞ്ഞത്.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …