Saturday , February 29 2020
Breaking News

സ്വത്തിനായി അമ്മയെ കൊന്നു, കൊലക്കൂലി ചോദിച്ചപ്പോള്‍ സുഹൃത്തിനെയും; അതിക്രൂരം

കോഴിക്കോട് : അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മൂന്നു വര്‍ഷം മുന്‍പ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ ബിര്‍ജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവര്‍ഷം മുന്‍പ് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനില്‍ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ
ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തില്‍ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നല്‍കാമെന്നു
ബിര്‍ജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായില്‍ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങള്‍ പുറത്തു
റയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിര്‍ജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയര്‍ കഴുത്തില്‍ മുറുക്കി കൊന്നശേഷം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.

കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കില്‍ കെട്ടി കാരശ്ശേരി പഞ്ചായത്തില്‍ റോഡരികില്‍ കോഴിമാലിന്യങ്ങള്‍ക്കിടയില്‍ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡി എന്‍ എ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയില്‍ നിന്നാണു മരിച്ചതു ഇസ്മായില്‍ ആണെന്ന നിഗമനത്തിലെത്തിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇസ്മായിലിന്റെ പേരില്‍ മോഷണക്കേസുകള്‍ ഉണ്ടായിരുന്നു.ഈ കേസുകളില്‍ ഇസ്മായിലിന്റെ വിരലടയാളം ശേശരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളം ഇതും ഒന്നാണെന്നു പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചു ഡിഎന്‍എ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായില്‍ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു
നിന്നു ക്വട്ടേഷന്‍ ഇടപാടില്‍ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളില്‍ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷന്‍ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടര്‍ന്നുമുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു

ജയവല്ലിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകന്‍ ബിര്‍ജു വീടും സ്ഥലവും വിറ്റു നാട്ടില്‍ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിര്‍ജുവും തമ്മില്‍ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇയാള്‍ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു.

2017ല്‍ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ചാക്കില്‍ െകട്ടിയ നിലയില്‍ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂണ്‍ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടര്‍ന്നു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.

അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ എസ്റ്റേറ്റ് ഗേറ്റില്‍ തടപറമ്പ് റോഡില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി.
ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി. 2017 ഒക്ടോബര്‍ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.

RANDOM NEWS

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം …