Tuesday , December 12 2017
Breaking News

ഫാത്തിമത്ത് സുനീറയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Suneeraചെര്‍ക്കള: കര്‍ണാടകയിലെ ഹാസനില്‍ ബസ്സപകടത്തില്‍ മരിച്ച യുവ എന്‍ജിനീയര്‍ ചെങ്കള പാണലത്തെ ഫാത്തിമത്ത് സുനീറയ്ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് സുനീറയെ മരണം തട്ടിയെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് 6.10-നാണ് സുനീറയുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ദേശീയപാതയില്‍
നിന്ന് ഒരുകിലോമീറ്ററോളം മാറിയുള്ള പാണലം ജുമാ മസ്ജിദിനുസമീപത്തെ വീട്ടിലെത്തിയത്. പുലര്‍ച്ചെ അപകടവിവരം അറിഞ്ഞതോടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

ചെങ്കള ഗ്രാമപ്പഞ്ചായത്തംഗം അബ്ദുള്‍സലാം പാണലത്തിന്റെയും മുന്‍ പഞ്ചായത്തംഗം നസിയയുടെയും മകളാണ് സമീറ. െബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. കുടുംബത്തോടൊപ്പം നബിദിനമാഘോഷിക്കുന്നതിന് ഒരാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. 2018 മാര്‍ച്ച് നാലിന് സുനീറയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു. വിവാഹ ഒരുക്കത്തിനിടെ കടന്നെത്തിയ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. സാധാരണ തീവണ്ടിയിലാണ് പോകാറുള്ളത്. തീവണ്ടി വൈകുന്നതിനാലാണ് യാത്ര ബസ്സിലാക്കിയത്. കാസര്‍കോട്ടുനിന്ന് ബംഗ്‌ളൂരുവിലേക്കുള്ള
ബസ്സില്‍ ടിക്കറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് മംഗളൂരുവില്‍പോയി വോള്‍വോ ബസ്സിനെ ആശ്രയിച്ചത്. സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പിതാവ് അബ്ദുള്‍സലാമാണ് ബെംഗളൂരുവില്‍ കൊണ്ടുവിടുന്നതും അവധിക്ക് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതും. സുനീറ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അബ്ദുല്‍സലാമിന് കൈക്ക് പരിക്കുണ്ട്.

മുന്‍ മന്ത്രി സി.ടി.അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. സാബിത്ത് (ആര്‍ക്കിടെക്ട്, മുംബൈ), സയാബ് (അക്കൗണ്ടിങ് വിദ്യാര്‍ഥി, കാസര്‍കോട്), ഷംന (ബി.ബി.എം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി, ചിന്മയ കോളേജ് വിദ്യാനഗര്‍), ഷഹല്‍ (ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ഥി) എന്നിവരാണ് സുനീറയുടെ സഹോദരങ്ങള്‍. പാണലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ രാത്രി എട്ടരയോടെയാണ് മയ്യത്ത് ഖബറടക്കിയത്.

RANDOM NEWS

Kanthapuram

മുഹിമ്മാത്ത് ഗേള്‍സ് ഓര്‍ഫനേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം 15ന് കാന്തപുരം നിര്‍വഹിക്കും

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ അനാഥ അഗതി പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ …