Wednesday , December 19 2018
Breaking News

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ പ്രതി വീടിന് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു

Accusedകാഞ്ഞങ്ങാട്: വീട്ടുകാരോടുള്ള വിരോധം കാരണം യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ വീടിന് തീവെച്ച് വധിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴുന്നോറൊടിയിലെ ദാമോദരന്‍ (45), ഭാര്യ ഷീല (40) എന്നിവരെയാണ് പൊള്ളലേറ്റ് ഗുരുതരമായ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കൈയിലെ കരിമാടി ബിജുവിനെ (30) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. 2015-ല്‍ വാഴുന്നോറൊടിയിലെ മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. രാവിലെ ടൗണില്‍ നിന്നും മീന്‍വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന മണിയെ മോട്ടോര്‍ബൈക്കിലെത്തിയ ബിജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിയുടെ കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ അന്ന് ബിജുവിന്റെ വീട് തീവെച്ച് നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിജു ഉപാധികളോടെ ജാമ്യത്തിലിറങ്ങിയത്. തന്റെ വീടിന് തീവെക്കാന്‍ നേതൃത്വം നല്‍കിയത് ദാമോദരനാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി ബിജു ദാമോദരന്റെ വീടിന് പെട്രോളൊഴിച്ച് തീവെച്ചത്. പെട്രോള്‍ തുണിയില്‍ മുക്കി കത്തിച്ച് വീട്ടിനകത്തേക്ക് എറിയുകയും ചെയ്തു. തീ പടര്‍ന്നുപിടിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ദാമോദരന്റെയും ഷീലയുടെയും ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ രക്ഷപ്പെടുത്തിയത്.
സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട ബിജുവിനെ ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. നേരത്തെ കൊലപാതക കേസില്‍ റിമാന്റിലായിരുന്ന ബിജുവിനെ ജില്ലയിലേക്ക് കടക്കാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് ജാമ്യത്തില്‍ വിട്ടത്. രണ്ട് വാറണ്ടു കേസുകളിലുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ബിജു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …