കാസര്‍കോട്: 450 ഗ്രാം ഹാഷിഷ് ഓയിലുമായി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കോടതി റിമാണ്ട് ചെയ്തു. നായന്മാര്മൂല ചാലറോഡിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍(31), കുമ്പള ചേടിക്കാനത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ(23) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. പിടികൂടിയ ഹാഷിഷ് പ്രത്യേക കവറിലായി പൊതിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്.
കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ ശനിയാഴ്ച രാവിലെ പിടികൂടിയത്. അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെമനാട് പാലത്തിനിടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. കാസര്‍കോട് സി.ഐ. അബ്ദുല്‍റഹീമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഫൈസലിനെയും ഹനീഫയേയും കുടുക്കിയത്. ഗള്‍ഫിലേക്ക് കഞ്ചാവും മയക്കുമരുന്നും കടത്തുന്ന സംഘത്തിന് കൈമാറാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കാസര്‍കോട്ടെ മറ്റൊരു കേസില്‍ ഫൈസല്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് പറഞ്ഞു. ഫൈസല്‍ ഏതാനും മോഷണക്കേസുകളിലും പ്രതിയാണ്. ഹാഷിഷ് ഓയില്‍ കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.