Wednesday , June 19 2019
Breaking News
Aids-1

എയ്ഡ്‌സ് ദിനാചരണം; ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമായി

കാസര്‍കോട് : ഇന്ന് ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലയിയിലെ പരിപാടികള്‍ക്ക് തുടക്കമായി. ഫ്‌ളാഷ് മോബ്, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ റാലികള്‍, നാടന്‍ കലാ പരിപാടികള്‍, സെമിനാര്‍, ക്വിസ് മല്‍സരങ്ങള്‍, പൊതു സമ്മേളനങ്ങള്‍, പട്ടം പറത്തല്‍, ദീപം തെളിയിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി നടക്കുകയാണ്. എയ്ഡ്‌സ് പ്രതിരോധ ബോധവല്‍കരണത്തിനായണ് ലോക എയ്ഡ്‌സ് ദിനാചരണം നടത്തുന്നത്.
വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് നടന്ന എയ്ഡ്സ് ബോധവത്ക്കരണ റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. റാലിയില്‍ നവോദയ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ ബാന്റ് മേളം അവതരിപ്പിച്ചു. റാലി ഡിവൈഎസ്പി സുകുമാരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് എയ്ഡ്സ് തീമിനെ അടിസ്ഥാനമാക്കി നാഷണല്‍ അബ്ദുള്ള, വിദ്യാര്‍ഥികളായ മധുരിമ, ഹസന്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി എയ്ഡ്സ് ചിഹ്നത്തിന്റെ മാതൃകയില്‍ മെഴുകുതിരികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നു തെളിയിച്ചു.

സംസ്ഥാനത്ത് എച്ച്ഐവി വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ജില്ലയില്‍ ഇക്കാര്യത്തില്‍ മികച്ച ഇടപെടല്‍ നടത്തുന്ന ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 11 മാസംകൊണ്ട് ജില്ലയില്‍ 1.40 ലക്ഷം മാത്രമാണ് എച്ച്ഐവി പരിശോധന നടത്തിയതെന്നും കൂടുതല്‍ പേര്‍ പരിശോധന നടത്തുവാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു. ഈ വര്‍ഷത്തെ എയ്ഡ്സ് ദിന ആപ്തവാക്യമായ ‘നിങ്ങളുടെ സ്റ്റാറ്റസ് അറിയുക’ ഉള്‍ക്കൊണ്ട് എച്ച്ഐവി പരിശോധന നടത്തണമെന്നും സുരക്ഷിതമായ ലൈംഗീകജീവിതം നയിക്കണമെന്നും അധ്യക്ഷപ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ എയ്ഡ്സിന് ചികിത്സ നടത്തുന്ന 770 പേരില്‍ റിസ്‌ക്ക് ഗ്രൂപ്പില്‍ നിന്നുള്ളവര്‍ വെറും 42 പേര്‍ മാത്രമാണുള്ളതെന്നും ഇതു സൂചിപ്പിക്കുന്നത് ഭൂരിഭാഗം പേര്‍ക്കും എച്ച്ഐവി ബാധിച്ചിരിക്കുന്നത് മറ്റ് ബന്ധങ്ങളിലൂടെയാണെന്നതും ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ പറഞ്ഞു. ജില്ലയില്‍ എച്ച്ഐവി പരിശോനയ്ക്ക് 22 അംഗീകൃത കേന്ദ്രങ്ങളുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ടി.പി ആമിന എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ ഷെട്ടി, ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.കെ.രാജാറാം, കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് ബീച്ചില്‍ പടന്നക്കാട് കാര്‍ഷിക കോളേജിന്റെ കീഴില്‍ പട്ടം പറത്തല്‍, സ്‌കിറ്റ് അവതരണം, ഫ്‌ളാഷ് മോബ് എന്നിവയും നടക്കും.

Aids Aids-2

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …