Thursday , May 24 2018
Breaking News
Sreejioth

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍

ആലുവ: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്തിലെ വരാപ്പുഴയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത് ഇവര്‍ ആയിരുന്നു. എസ്.പിയുടെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സില്‍ (ആര്‍.ടി.എഫ്) പ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് ഇവര്‍. ആലുവ പോലീസ് ക്ലബ്ബില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അയല്‍ക്കാരും ബന്ധുക്കളും അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതിനിടെ, മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെഎസ്.ഐയും സി.ഐയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തശേഷം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മറ്റ് പോലീസ് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരെയും അറസ്റ്റുചെയ്യണമെന്നും അതിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലണ് ശ്രീജിത്തിനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അവശ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു..

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മര്‍ദനമേറ്റതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും മുറിവുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് സര്‍ജന്‍ ഡോ.സക്കറിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

RANDOM NEWS

Sanusha

സനൂഷയ്ക്കു നേരേ തീവണ്ടിയില്‍ കൈയേറ്റശ്രമം; കുറ്റപത്രം സമര്‍പ്പിച്ചു

തൃശ്ശൂര്‍: നടി സനൂഷയെ തീവണ്ടിയാത്രയ്ക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് …