ചിറ്റാരിക്കാല്‍ : പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് വീടുകളിലെത്തി സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് തുക വാങ്ങി മുങ്ങുന്ന വിരുതന് അറസ്റ്റില്‍. വയനാട് കപ്പാടുമല മുക്കത്തെ ബെന്നി ബേബി (35)യെയാണ് ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രിതയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
യുവാവ് തട്ടിപ്പു നടത്തുന്നതായി ശ്രദ്ധില്പ്പെട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടാന്‍ വിവരം നല്‍കണമെന്നും കാണിച്ച് എസ് ഐ പ്രതിയുടെ ചിത്രവും വീഡിയോയും പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പയ്യന്നൂര്‍ എവറസ്റ്റ് ലോഡ്ജില്‍ വെച്ച് പ്രതിയെ പിടികൂടിയത്. 2000 രൂപ മുതല്‍ 3000 രൂപ വരെയാണ് അഡ്വാന്‍സ് തുകയായി വാങ്ങുന്നത്. ഒരു ദിവസം തന്നെ 45000 രൂപയോളം ഇയാള്‍ അഡ്വാന്‍സ് തുകയായി പിരിച്ചെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യുവാവ് തട്ടിപ്പ് നടത്തിവന്നിരുന്നതായി പോലീസ് അറിയിച്ചു. പതിനഞ്ചോളം കേസുകളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മയ്യില്‍, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബെന്നിക്കെതിരെ ചീറ്റിംഗ് കേസും നിലവിലുള്ളതായി പോലീസ് പറഞ്ഞു.