പയ്യന്നൂര്‍ : കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. കൂട്ടാളികളായ രണ്ടുപേര്‍ രക്ഷപ്പെട്ടു. തൃക്കരിപ്പൂര്‍ സ്വദേശി മമ്മദ് എന്ന കാലന് മമ്മദിനെ (42)യാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. മമ്മദും കൂട്ടാളികളായ രണ്ടു പേരും ചേര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കട കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐ പിന്നാലെ ഓടിയാണ് മമ്മദിനെ പിടികൂടിയത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മമ്മദിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍, തളിപറമ്പ്, കാസര്‍കോട് ജില്ലകളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പയ്യന്നൂര്‍ പോലീസ് പറഞ്ഞു.
