Saturday , July 20 2019
Breaking News
Vijaya-Bank-Robbery

ചെറുവത്തൂര്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം; 4 പ്രതികള്‍ റിമാന്റില്‍

Vijaya-Bank-Robbery

കാഞ്ഞങ്ങാട് :ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍, നാലു പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു.

ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് സന്തോഷ് നഗറിലെ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ്(35), കര്‍ണാടക കുശാല്‍നഗര്‍ ബൈത്തനപള്ളിയിലെ എസ്. സുലൈമാന്‍ (ഇസ്മായില്‍ (43), ബല്ല ജുമാമസ്ജിദിനു സമീപത്തെ മുബഷീര്‍(21), ചെങ്കള നാലാം മൈല്‍ ബേര്‍ക്കയില്‍ അബ്ദുല്‍ ഖാദര്‍(മനാഫ്30) എന്നിവരാണ് അറസ്റ്റിലായത്. സ്‌ട്രോങ് മുറി തുരന്ന ഇടുക്കി എണ്ണകുളത്തെ രാജേഷ് മുരളിയുടെ(40) അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. കുടക് സ്വദേശികളായ അബ്ദുല്‍ അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. സ്‌ട്രോങ് മുറിയില്‍ നിന്നു കവര്‍ന്ന മൂന്നു ലക്ഷം രൂപ കണ്ടെത്താനായിട്ടില്ല. ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രാജീവന്‍ വാച്ചാല്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Vijaya-Bank-Robbery-gold

കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചയുടെ സൂത്രധാരന്‍ അബ്ദുല്‍ ലത്തീഫ് തന്നെയാണ് വിജയബാങ്ക് കവര്‍ച്ചയും ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ഉള്‍പ്പെടെ പല ബാങ്കുകള്‍ കവര്‍ച്ചയ്ക്കായി ആലോചിച്ചെങ്കിലും വിജയബാങ്ക് ഉറപ്പിക്കുകയായിരുന്നു. വിജയബാങ്കിനു തൊട്ടു താഴത്തെ ആറു കടമുറികള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. ലത്തീഫിന്റെ അയല്‍വാസിയായ അബ്ദുല്‍ ഖാദര്‍ വഴി കുടകില്‍ നിന്നു പരിചയപ്പെട്ട സുലൈമാനെ ഇസ്മായില്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എത്തിച്ചതും ലത്തീഫായിരുന്നു.

ഇവിടെ മൊത്ത വ്യാപാരസ്ഥാപനം തുടങ്ങാനെന്ന പേരില്‍ കടയില്‍ അറ്റകുറ്റപ്പണി നടത്തിയ സുലൈമാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. ബാങ്കിനു തുടര്‍ച്ചയായി അവധി വരുന്ന ദിവസങ്ങള്‍ നോക്കി, കവര്‍ച്ചാ സംഘാംഗങ്ങള്‍ ഇവിടെയെത്തി. ഒട്ടേറെ കഞ്ചാവു കേസുകളില്‍ പ്രതിയും ചുമരു തുരക്കുന്നതില്‍ വിദഗ്ധനുമായ രാജേഷ് മുരളിയെ ഇടുക്കിയില്‍ നിന്നു വരുത്തി. 2013 ല്‍ ജയിലില്‍ വച്ചാണ് ലത്തീഫ് മുരളിയെ പരിചയപ്പെടുന്നത്.

കവര്‍ച്ച നടന്ന സെപ്റ്റംബര്‍ 26ന് രാവിലെ ലത്തീഫ് ഉള്‍പ്പെടെ വിജയബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെത്തിയിരുന്നു. തുരന്ന ശേഷം ലത്തീഫും മുരളിയുമാണ് ആദ്യം സ്‌ട്രോങ് മുറിയിലേക്കു കയറിയത്. ഇതോടെ അലാം കേട്ട സംഘം നീക്കം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് തിരിച്ചെത്തി അലാം നശിപ്പിച്ചു. സ്‌ട്രോങ് മുറിയില്‍ തന്നെ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മടങ്ങിപ്പോയ സംഘം താക്കോല്‍ ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് കവര്‍ച്ച നടത്തിയത്.

ചെര്‍ക്കള ബേര്‍ക്കയിലെ പൊട്ടകിണറ്റില്‍ നിന്നു 8.75 കിലോ സ്വര്‍ണമാണ് ആദ്യം പൊലീസിനു ലഭിച്ചത്. ശേഷിച്ചതു കുഴിച്ചിട്ടത് എവിടെയെന്നു പറയാന്‍ ലത്തീഫ് വിസ്സമതിച്ചെങ്കിലും സഹായിയായ മുനാഫില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പേരൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നു കണ്ടെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ണൂര്‍, മലപ്പുറം പ്രത്യേക ക്രൈം സ്‌ക്വാഡുകളുടെ സഹായത്തോടെയാണ് കേസ് തെളിയിച്ചത്. വിജയബാങ്കിന് എതിര്‍വശത്തെ ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍, സൈബര്‍ സെല്‍ എന്നിവ അന്വേഷണത്തില്‍ നിര്‍ണായകമായി.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …