Sunday , December 16 2018
Breaking News
Kattila-vekkal

അധികൃതരുടെ കനിവ് കാത്തിരുന്ന അടുക്കത്ത് വയലിലെ അഞ്ചംഗ കുടുംബത്തിന് കൈതാങ്ങായി ബാര ഗവ.ഹൈസ്‌കൂള്‍ പി ടി എ കമ്മിറ്റി

ഉദുമ: ഇല്ലായ്മക്ക് നടുവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധികൃതരുടെ കനിവ് കാത്തിരിക്കുന്ന അടുക്കത്ത് വയലിലെ 5 അംഗ കുടുംബത്തിന് കൈതാങ്ങാവുകയാണ് ബാര ഗവ.ഹൈസ്‌കൂള്‍ പിടിഎ കമ്മറ്റി. ബാര മൈലാട്ടി അടുക്കത്ത് വയലിലെ രാഘവനും ഭാര്യചന്ദ്രാവതിയും ബാര ഗവ.ഹൈസ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ടി.പി.നിമിത, ടി.പി.മനീഷ, ആറാംക്ലാസില്‍ പഠിക്കുന്ന മാളവികയും റോഡരികില്‍ കൂരയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. കഴിഞ്ഞ മാര്‍ച്ച് 21ന് ഇവരുടെ ദയനീയസ്ഥിതി കാസര്‍കോട് ഡോട്ട് കോം വാര്‍ത്ത നല്‍കിയിരുന്നു.

അടിസ്ഥാന സൗകര്യമില്ലാത്ത ഈ കൂരയില്‍ കാറ്റൊന്ന് വീശിയാല്‍ തകര്‍ന്നടിഞ്ഞുപോകും. രണ്ട് പതിറ്റാണ്ടുകളായി ഇവിടെ താമസം. വെപ്പും കുടിയും കിടപ്പുമെല്ലാം ഒരിടത്തു തന്നെ ആയതിനാല്‍ ഇതിനകം പോലെ തന്നെ ഇതിനകത്തെ ജീവിതങ്ങളും കരിപുരണ്ടതാണ്. ഇതെല്ലാം കണ്ടറിഞ്ഞാണ് ബാര ഗവ.ഹൈസ്‌കൂളിലെ പിടിഎ വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമെടുത്തത്. അദ്ധ്യാപകനായ വി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള 11 അംഗങ്ങളാണ് വീട് നിമ്മാണത്തിന്റെ മേല്‍ നോട്ടം വഹിക്കുന്നത്. വീടിന്റെ പണി പൂര്‍ത്തീകരിച്ച് 2018 ജനുവരി ഒന്നിന് തക്കോല്‍ കൈമാറാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി പൊതുജനങ്ങളുടെ സഹായം തേടും.

വീടിന്റെ കട്ടിള വെക്കല്‍ ചടങ്ങ് പിടിഎ പ്രസിഡന്റും ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമാനുമായ കെ.സന്തോഷിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്നു. ചടങ്ങില്‍ കെ.ടി.ജയന്‍, ശ്രീധരന്‍ നായര്‍ മുല്ലച്ചേരി, പി.വി.അശോകന്‍, ഹമീദ് മാങ്ങാട്, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ബാലചന്ദ്രന്‍, ബാലു തൊട്ടി, ഗോപിനാഥന്‍ മഞ്ഞളത്ത്, രാമകൃഷ്ണന്‍ പള്ളിത്തട്ട, സിബിമോന്‍, അജയന്‍, സനല്‍ വെടിക്കുന്ന്, വി.വി.അശോകന്‍, കൃഷ്ണന്‍ വെടിക്കുന്ന്, നാരായണന്‍ മാങ്ങാട്, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുടുംബപരമായി രാഘവന് ലഭിക്കേണ്ട സ്വത്ത് ബന്ധുക്കള്‍ തന്നെ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് ആരോപണമുണ്ട്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നര വര്‍ഷം മുമ്പ് ജോലിക്കിടെ വീണ് കാലിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ രാഘവന് കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാതായി. കോണ്‍ക്രീറ്റ് ജോലിക്ക് സഹായിയായി നിന്നും ചന്ദ്രാവതി തൊഴിലുറപ്പ് പണിയെടുത്തുമാണ് നിത്യചെലവുകള്‍ നടത്തുന്നത്. അടച്ചുറപ്പുള്ള ഒരു വീടെന്ന ആഗ്രഹമെന്നോണം രണ്ടര വര്‍ഷം മുമ്പ് തുടങ്ങിയ വീട് പണി തറയില്‍ മാത്രം മുരടിച്ചു നില്‍ക്കുകയായിരുന്നു. മക്കള്‍ വളര്‍ന്നു വരുമ്പോഴേക്കും വെയിലിനേയും മഴയേയും അതിജീവിക്കാന്‍ പാകത്തിലുള്ള വീടെന്ന രാഘവന്റെയും ചന്ദ്രാവതിയുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഇതോടെ പൂവണിയാന്‍ പോകുന്നത്.

House

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …