Tuesday , July 16 2019
Breaking News
Bus

മുന്‍ എംപി വാക്കുപാലിച്ചില്ല: പ്രതീകാത്മക ബസുമായി നാട്ടുകാരുടെ പ്രതിഷേധം

പൊയിനാച്ചി: വിദ്യാര്‍ത്ഥികളുടെ യാത്രദുരിതം പരിഹരിക്കാന്‍ എംപി ഫണ്ടില്‍ നിന്നും ബസ് അനുവദിക്കാമെന്ന മുന്‍ എംപി പി.കരുണാകരന്റെ വാഗ്ദാനം രണ്ടു വര്‍ഷം കഴിഞ്ഞും നടപ്പാകാതെ വന്നപ്പോള്‍ പ്രതീകാത്മക സമരവുമായി നാട്ടുകാര്‍ രംഗത്ത്. പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍പി സ്‌കൂള്‍ പ്രവേശനോത്സമമായ വ്യാഴാഴ്ച രാവിലെയാണ് പ്രതീകാത്മക സ്‌കൂള്‍ ബസ് ഉണ്ടാക്കി നാട്ടുകാരും രക്ഷിതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പ്രതീകാത്മ ബസ് കാണാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും തടിച്ചുകൂടിയിരുന്നു. 167 വര്‍ഷം പിന്നിട്ട ഈ സ്‌കൂളില്‍ കന്നടയും മലയാളവും പഠിപ്പിക്കുന്നുണ്ട്. മൂന്ന് കിലോ മീറ്ററിലധികം കുട്ടികള്‍ നടന്നാണ് സ്‌കൂളില്‍ എത്തുന്നത്. മാസത്തില്‍ വന്‍തുക സ്വാകാര്യ വാഹനങ്ങള്‍ക്ക് നല്‍കിയാണ് രക്ഷിതാക്കള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നത്. ബസ് ലഭിച്ചാല്‍ യാത്ര പ്രശ്‌നത്തിന് പരിഹാരമാകുന്നതിനോടപ്പം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല. 2017 ഫെബ്രുവരി 17ന് സ്‌കൂളില്‍ നടന്ന വികസന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് അന്നത്തെ എംപി കൂടിയായിരുന്ന പി.കരുണാകരന്‍ സ്‌കൂളിന് ബസ് വാഗ്ദാനം നല്‍കിയത്. ഏറെ പ്രതീക്ഷയോടെയാണ് അന്ന് എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചത്. പ്രഖ്യാപിക്കപ്പെട്ട ബസ് സ്‌കൂളിന് ലഭിക്കാതെ വന്നപ്പോള്‍ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വികസന സമിതി അംഗങ്ങള്‍ ചേര്‍ന്ന് എംപിയെ സമീപിച്ചപ്പോള്‍ വാഗ്ദാനം നടത്തിയിട്ടില്ലെന്ന് പറയുകയായിരുന്നു. സ്ഥലം എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരടങ്ങുന്ന വേദിയില്‍ വെച്ച് നടത്തിയ വാഗ്ദാനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷവും സ്‌കൂളില്‍ ബസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. നെല്ലിയെടുക്കം വീരകേസരി ക്ലബ് പ്രസിഡന്റ് നിത്തില്‍ കൃഷ്ണ, സെക്രട്ടറി വൈ.അനീഷ്‌കുമാര്‍ എരോല്‍, ശങ്കരന്‍ റിട്ട.പോസ്റ്റ് മാസ്റ്റര്‍, മുന്‍ പിടിഎ പ്രസിഡന്റ് കമലാക്ഷ ദൊഡമനെ, ദിനേശന്‍ പഞ്ചിക്കൊള, സദാനന്ദന്‍ ബട്ടത്തൂര്‍, ഹരീഷ് തീക്കുയി, വൈ.കൃഷ്ണദാസ്, ഗിരീഷ് പാലക്കി, നാരായണ നെല്ലിയെടുക്കം എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …