Sunday , June 16 2019
Breaking News
Raju

പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്..മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. വില്ലന്‍ വേഷങ്ങളിലെ മാനറിസങ്ങളാണ് ക്യാപ്റ്റന്‍ രാജുവിന് പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നല്‍കിയത്. ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ .അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു.

സംസ്‌ക്കാരം പിന്നീട്. പത്തനംതിട്ടയിലെ ഓമല്ലൂരില്‍ കുരിന്റയ്യത്ത് കെ.യു. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴാമത്തെ മകനാണ് രാജു.പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ.

സൈനിക സേവനത്തിന് ശേഷം 1981 ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലേക്ക് എത്തിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ക്യാപ്റ്റന്‍ രാജുവിന്റെ പവനായി എന്ന കഥാപാത്രം പ്രേക്ഷകരെ അതിലെ ഹാസ്യം കൊണ്ട് തന്നെ നെഞ്ചേറ്റി
മുംബൈയിലെ മിലിട്ടറി ക്യാമ്പില്‍നിന്നുതുടങ്ങിയ അഭിനയ ഭ്രമമാണ് മലയാള സിനിമയിലെ അരിങ്ങോടരും ഉണ്ണിമൂത്തയുമൊക്കെയായിത്തീര്‍ന്നത്. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ നിന്ന് തുടങ്ങിയ പ്രയാണമാണ് അഭിനയജീവിതം. ജോഷിയുടെ ‘രക്തം’ ആയിരുന്നു ആദ്യ ചിത്രം. അതിലെ പ്രതാപ് എന്ന ക്യാരക്ടറായിരുന്നു രാജുവിന്. അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ആവനാഴിയിലെ സത്യരാജ്, ആഗസ്ത്- ഒന്നിലെ ഗോമസ്(നിക്കോളാസ്) നാടോടിക്കാറ്റിലെ പവനായി തുടങ്ങിയ വേഷങ്ങളെല്ലാം ഈ നടനിലെ അഭിനയപ്രതിഭ തെളിയിച്ചവയായിരുന്നു. ആഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ കഥാപാത്രം അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളിലെ തിളക്കമാര്‍ന്ന കഥാപാത്രമായിരുന്നു. പോലീസ് വേഷങ്ങളിലും സ്വന്തമായ ഒരു ശൈലി അദ്ദേഹം കൊണ്ടുവന്നു. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം.
വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍, അഗ്‌നിദേവനിലെ പരീത്, പുതുക്കോട്ടയിലെ പുതുമണവാളനിലെ മാടശ്ശേരി തമ്പി, സാമ്രാജ്യത്തിലെ കൃഷ്ണദാസ്, നാടോടിക്കാറ്റിലെ മി.പവനായി, സിഐഡി മൂസയിലെ കരുണന്‍ ചന്തക്കവല തുടങ്ങി മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് ക്യാപ്റ്റന്‍ രാജു വിടപറയുന്നത്.

RANDOM NEWS

K-Sudhakaran

വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎമ്മിന് …